ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ വിജയം നേടിയതാണ് കഴിഞ്ഞ വർഷത്തെ തന്റെ ടീമിന്റെ “മികച്ച നിമിഷം” എന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം.
വെള്ളിയാഴ്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ ഒരു പോഡ്കാസ്റ്റിൽ 2021 വർഷത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബാബർ. അതേ ടൂർണമെന്റിന്റെ സെമി ഫൈനൽ ഘട്ടത്തിൽ ഓസ്ട്രേലിയയോട് തോറ്റത് മുഴുവൻ ടീമിനും ഏറ്റവും നിരാശാജനകമാണെന്നും ബാബർ പറഞ്ഞു.
“ഈ വർഷം ആ തോൽവി എന്നെ ഏറ്റവും വേദനിപ്പിച്ചു. കാരണം ഞങ്ങൾ നന്നായി കളിക്കുകയും ഒരു സംയുക്ത യൂണിറ്റ് എന്ന നിലയിൽ മുന്നേറുകയും ചെയ്തിരുന്നു,” അദ്ദേഹം പറഞ്ഞു.
2021 ലെ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ ആദ്യമായി തോൽപ്പിക്കുന്നത് തന്റെ ഏറ്റവും ഉയർന്ന അവസ്ഥയാണെന്ന് ബാബർ പറഞ്ഞു. മത്സരത്തിൽ പാകിസ്ഥാൻ 10 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു.
“ഇത്രയും വർഷങ്ങളായി ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയാതിരുന്നതിനാൽ ഒരു ടീമെന്ന നിലയിൽ ഇത് ഞങ്ങൾക്ക് ഒരു മികച്ച നേട്ടമായിരുന്നു. ഈ വർഷത്തെ ഞങ്ങളുടെ ഏറ്റവും മികച്ച നിമിഷമായിരുന്നു അത്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ വിജയം ടീമിന്റെ അഭിമാനം ഉയർത്തുകയും കളിക്കാർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തു. ഇത് ബംഗ്ലാദേശിലെ ടി20, ടെസ്റ്റ് വിജയങ്ങളിലും പിന്നീട് വെസ്റ്റ് ഇൻഡീസിനെതിരായ സ്വന്തം തട്ടകത്തിലെ മത്സരത്തിലും ദൃശ്യമായിരുന്നു.
കഴിഞ്ഞ വർഷം പാകിസ്ഥാൻ ടീം ഒരുപാട് മുന്നേറുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തുവെന്ന് ബാബർ പറഞ്ഞു.
“നിർണായക സമയങ്ങളിൽ യുവപ്രതിഭകൾ ഞങ്ങൾക്കായി കടന്നുവരുന്നത് കണ്ടതാണ് ഏറ്റവും വലിയ സംതൃപ്തി. ഞങ്ങൾ ഇപ്പോൾ യുവ പ്രതിഭകളെ സൃഷ്ടിക്കുന്നുവെന്നത് നല്ലതാണ്, ”അദ്ദേഹം ചൂണ്ടിക്കാട്ടി.
ടീമിനെ വിജയിക്കാൻ സഹായിച്ചപ്പോൾ വ്യക്തിപരമായ നാഴികക്കല്ലുകൾ തനിക്ക് സന്തോഷം നൽകിയെന്നും ബാബർ പറഞ്ഞു.