ന്യൂ​ഡ​ൽ​ഹി: ഇത്യ-പാക് അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കിടെ പാക്കിസ്ഥാനിൽ നടക്കുന്ന ടൂർണ്ണമെന്റിന് അണ്ടർ 23 ക്രിക്കറ്റ് സംഘത്തെ അയക്കേണ്ടതില്ലെന്ന് ബിസിസിഐ നിലപാടെടുത്തു. അതിർത്തിയിൽ വെടിവയ്പ്പ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ അയഞ്ഞ നിലപാട് പാക്കിസ്ഥാൻ തുടരുന്ന സാഹചര്യത്തിലുമാണ് നിലപാട്.

നേരത്തേ തന്നെ പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന നിലപാട് ബിസിസിഐ സ്വീകരിച്ചിരുന്നു. പാക്കിസ്ഥാൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ഷ്യ എ​മേ​ർ​ജിം​ഗ് നേ​ഷ​ൻ​സ് ക​പ്പ് ക്രി​ക്ക​റ്റിൽ നിന്നാണ് ഇപ്പോൾ ഇന്ത്യ പിന്മാറിയിരിക്കുന്നത്. അ​ണ്ട​ർ 23 താരങ്ങൾ കൊമ്പുകോർക്കുന്ന മത്സരത്തിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം.

ഇന്ത്യ ടീമിനെ അയക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ മത്സരം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റാനാണ് സാധ്യത. നിലവിൽ ബംഗ്ലാദേശും ശ്രീലങ്കയും പരിഗണനയിലുണ്ട്. എല്ലാ രാജ്യവും ടീമിനെ അയക്കാമെന്ന് ഉറപ്പുനൽകിയ സാഹചര്യത്തിലാണ് മത്സരം പാക്കിസ്ഥാനിൽ നടത്താൻ തയ്യാറായതെന്ന് പറഞ്ഞ പാക് ക്രിക്കറ്റ് ബോർഡംഗം മറ്റൊരു ഭീഷണി കൂടി മുഴക്കിയിട്ടുണ്ട്.

ഇന്ത്യയിൽ ഈ വർഷം സെപ്തംബറിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിലേക്ക് ടീമിനെ അയക്കില്ലെന്ന സൂചനയാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജം സേഠി പറഞ്ഞത്. ഏഷ്യ കപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് പാക് ക്രിക്കറ്റ് സംഘത്തെ അയക്കണോ വേണ്ടേയെന്ന് പാക്കിസ്ഥാൻ തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങൾക്കിടയിലും ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നതിനും തടസങ്ങൾ നേരിട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഹാഫിസ് സയ്യിദിനെ പാക്കിസ്ഥാൻ ഈയടുത്താണ് വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ