മുംബൈ: ബിസിസിഐയുടെ 2017-18 സീസണിലേക്കുള്ള പുതിയ കരാര്‍ പട്ടികയിൽ നിന്ന് മഹേന്ദ്ര സിങ് ധോണിയെ തരംതാഴ്ത്തി. ഗ്രേഡ് ‘എ+’ കാറ്റഗറിയിൽ ഉണ്ടായിരുന്ന ധോണിയെ തൊട്ട് താഴെയുളള ‘എ’ കാറ്റഗറിയിലേക്കാണ് മാറ്റിയത്. അതേസമയം ജസ്പ്രീത് ബൂംറ, ഭുവനേശ്വർ കുമാർ എന്നിവരെ ഗ്രേഡ് ‘എ+’ കാറ്റഗറിയിലേക്ക് ഉയർത്തിയിട്ടുണ്ട്. 7 കോടി രൂപയാണ് ഗ്രേഡ് ‘എ+’ കാറ്റഗറിയിൽ ഉളളവരുടെ അടിസ്ഥാന ശമ്പളം.

അതേസമയം ഭാര്യയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയർന്ന മുഹമ്മദ് ഷമിയെ ബിസിസിഐ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷമിക്ക് പരസ്ത്രീ ബന്ധങ്ങൾ ഉണ്ടെന്നും തന്നെ വധിക്കാൻ ശ്രമിച്ചെന്നുമുളള ഭാര്യയുടെ വെളിപ്പെടുത്തലാണ് താരത്തിന് വിനയായത്.

നേരത്തെയുണ്ടായിരുന്നു എ ഗ്രേഡ്, ബി ഗ്രേഡ്, സി ഗ്രേഡ് എന്നീ വ്യത്യസ്ത സ്ലാബുകള്‍ക്കൊപ്പം എ പ്ലസ് എന്ന പുതിയ സ്ലാബും ക്രിക്കറ്റ് ബോര്‍ഡ് കൊണ്ടുവന്നു. 7 കോടി രൂപയാണ് എ പ്ലസ് ക്യാറ്റഗറിയില്‍ വരുന്ന താരങ്ങള്‍ക്ക് ലഭിക്കുന്നത്. എ ഗ്രേഡ് ഉള്ള കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയും ബി, സി ഗ്രേഡുകാര്‍ക്ക് മൂന്ന് കോടി രൂപയും ഒരു കോടി രൂപയും ലഭിക്കും. എം.എസ് ധോണിക്ക് എ ഗ്രേഡാണ് നല്‍കിയത്. വനിതാ ടീമംഗങ്ങള്‍ക്കും ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്കും വേതനവര്‍ധനവുണ്ട്

ഗ്രേഡ് A+ കാറ്റഗറി( അടിസ്ഥാന ശമ്പളം 7 കോടി രൂപ) – വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, ജസ്പ്രീത് ബൂംറ, ഭുവനേശ്വർ കുമാർ

ഗ്രേഡ് A കാറ്റഗറി( അടിസ്ഥാന ശമ്പളം 5 കോടി രൂപ) – മഹേന്ദ്ര സിങ് ധോണി, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, മുരളി വിജയ്, ചേതേശ്വർ പൂജാര, അജിൻങ്ക്യ രഹാനെ

ഗ്രേഡ് B കാറ്റഗറി ( അടിസ്ഥാന ശമ്പളം 3 കോടി രൂപ) – ഉമേഷ് യാദവ്, കെ.എൽ രാഹുൽ, കുൽദീപ് യാദവ്, യുഷ്‌വേന്ദ്ര ചഹൽ, ഹർദ്ദിഖ് പാണ്ഡ്യ, ഇശാന്ത് ശർമ്മ, ദിനേശ് കാർത്തിക്

ഗ്രേഡ് C കാറ്റഗറി( അടിസ്ഥാന ശമ്പളം 1 കോടി രൂപ) – സുരേഷ് റെയ്ന, കേദാർ ജാദവ്, മനീഷ് പാണ്ഡെ, അക്ഷർ പട്ടേൽ, കരുൺ നായർ, പാർഥീവ് പട്ടേൽ, ജയന്ത് യാദവ്

കഴിഞ്ഞ സീസണിലെ താരങ്ങളുട പ്രകടനങ്ങൾ ശാസ്ത്രീയമായി വിലയിരുത്തിയതിന് ശേഷമാണ് പുതിയ കരാർ നിശ്ചയിച്ചതെന്ന് ബിസിസിഐ വക്താവ് അറിയിച്ചു. ടെസ്റ്റിൽ നിന്ന് വിരമിച്ചത് കൊണ്ടാണ് ധോണിയെ രണ്ടാമത്തെ കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയതെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ