കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യപിച്ചതോടെ പല കായിക മത്സരങ്ങളും ടൂർണമെന്റുകളും റദ്ദാക്കപ്പെടുകയും മാറ്റിവയ്ക്കപ്പെടുകയും ചെയ്തിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ്. നിലവിലെ സാഹചര്യത്തിൽ അനിശ്ചിതകാലത്തേക്കാണ് ബിസിസിഐ ഐപിഎൽ റദ്ദാക്കിയിരിക്കുന്നത്.

എന്നാൽ ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ മൈതാനങ്ങൾ തുറക്കുന്നതിനുൾപ്പടെയുള്ള അനുമതി ലഭിച്ചതോടെ വൈകാതെ തന്നെ കായികലോകം പഴയനിലയ്ക്ക് എത്തുമെന്നും ഐപിഎൽ നടക്കുമെന്ന തരത്തിലുള്ള വാർത്തകളും സജീവമായിരുന്നു. ഇതിനായി ഓക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവയ്ക്കും എന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ ബിസിസിഐയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരും നിർദേശമുണ്ടാകുകയില്ലെന്ന് ട്രഷറർ അരുൺ ദുമാൽ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

Also Read: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പര ഓഗസ്റ്റിൽ: ബിസിസിഐയും സിഎസ്എയും ധാരണയിലെത്തിയതായി സൂചന

“എന്തിന് ബിസിസിഐ അത്തരത്തിലൊരു നിർദേശം മുന്നോട്ട് വയ്ക്കണം? ഐസിസിയാണ് ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഓസ്ട്രേലിയൻ സർക്കാരിന്റെ നയവും പ്രധാന ഘടകമാണ്. അവരാണ് ടീമുകൾ എത്താനും കളിക്കാനും അനുമതി നൽകേണ്ടത്,” അരുൺ വ്യക്തമാക്കി.

അതേസമയം, ലീഗ് നടക്കാതിരുന്നാൽ അത് നടത്തിപ്പുകാർക്കും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് മുൻ ഇന്ത്യൻ നായകനും നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. “ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നടക്കാതെ വന്നാൽ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്, അത് ഭീകരമാണ്,” ഗാംഗുലി പറഞ്ഞു.

Also Read: പിതാവിനെയും പിന്നിലിരുത്തി 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ട്രയൽസിന് ക്ഷണിച്ച് ഫെഡറേഷൻ

എന്നാൽ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്തയും കായിക ലോകത്ത് നിന്നുണ്ട്. ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയും അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നേക്കും. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരമ്പരയ്ക്കായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ മത്സരം നടത്താനാവുമെന്ന കര്യത്തിൽ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ശുഭപ്രതീക്ഷ പ്രകടിപ്പിച്ചതായി പിടിഐ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.

കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ച കായിക മത്സരങ്ങൾ ലോകത്ത് പുനരാരംഭിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ജർമൻ ലീഗിലൂടെ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചതിനു പിറകേ ക്രിക്കറ്റ് മത്സരങ്ങളും തിരിച്ചുവരാനൊരുങ്ങുകയാണ്. ജൂൺ ആദ്യ വാരം ആഭ്യന്തര ക്രിക്കറ്റ മത്സരങ്ങൾ ആരംഭിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരുന്നു. പിന്നാലെ രാജ്യാന്തര മത്സരങ്ങളും നടത്താമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook