scorecardresearch

‘കാലാവസ്ഥ മാറ്റത്തിനായ്’ ബിസിസിഐ കാത്തിരിക്കുകയായിരുന്നു: ജസ്റ്റിസ്‌ ലോധ

ഓരോ മൂന്ന് വർഷത്തെ കാലാവധിക്കു ശേഷവും ബിസിസിഐ ഭാരവാഹികൾ മാറിനിൽക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ കാരണങ്ങളും അദ്ദേഹം വിശദമാക്കി

‘കാലാവസ്ഥ മാറ്റത്തിനായ്’ ബിസിസിഐ കാത്തിരിക്കുകയായിരുന്നു: ജസ്റ്റിസ്‌ ലോധ

ബിസിസിഐ ഭരണഘടനയിലെ വിവാദമായ ‘കൂളിങ് ഓഫ് പിരീഡ്’ ക്ലോസിനെ “മഞ്ഞുമല” എന്നു വിശേഷിപ്പിച്ച മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധ, ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർ കാലാവസ്ഥ മാറ്റത്തിനായ് കാത്തിരിക്കുകയാണെന്നും പറഞ്ഞു. ആറ് വർഷം മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനിൽ നിരവധി പരിഷ്കാരങ്ങൾ ശുപാർശ ചെയ്ത സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ തലവനായിരുന്നു ലോധ.

”ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റർമാർക്ക്, കൂളിങ് ഓഫ് ക്ലോസ് ഒരു മഞ്ഞുമല പോലെയായിരുന്നു, നാവിഗേറ്റ് ചെയ്യാൻ അവർക്ക് വളരെ ബുദ്ധിമുട്ടാണ്, അതിനാൽ കാലാവസ്ഥ മാറുന്നതിനായി അവർ കാത്തിരിക്കുന്നു. 2016 മുതലും, 2018 ലും, ഇപ്പോൾ 2022 ലും ഇതാണ് സംഭവിക്കുന്നത്,” ബോർഡിന്റെ ഭാരവാഹികൾക്കുള്ള കൂളിങ് ഓഫ് പിരീഡ് ഭേദഗതി ചെയ്യാൻ സുപ്രീം കോടതി ബിസിസിഐയെ അനുവദിച്ചതിനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2013ലെ ഐപിഎൽ വാതുവയ്പിന്റെയും തുടർന്നുണ്ടായ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റർമാർക്കെതിരായ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ, ലോധ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി 2016-ൽ ബിസിസിഐ ഭാരവാഹികൾക്ക് നിശ്ചിത കാലാവധി വേണമെന്ന് ഉത്തരവിട്ടിരുന്നു. ഒരു ടേമിന്റെ കാലാവധി (മൂന്ന് വർഷം) തുടർന്ന് മൂന്ന് വർഷം മാറിനിൽക്കണമെന്നാണ് ബിസിസിഐ ഭരണഘടനയിൽ പറയുന്നത്. ഇതാണ് കൂളിങ് ഓഫ് പിരീഡ്.

എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇതിനെ ആവർത്തിച്ച് എതിർത്തു. ബിസിസിഐയുടെ ഹർജി നിരവധി സുപ്രീം കോടതി പാനലുകൾ കേട്ടതിനുശേഷം, 2018 ൽ ബിസിസിഐ ഭാരവാഹികൾക്ക് രണ്ടു ടേം, അതായത് ഒരു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലെ കാലാവധി ഉൾപ്പെടെ ആകെ ആറ് വർഷം ഭരണ സമിതിയിൽ തുടരാമെന്ന് ഉത്തരവിട്ടു. ഇതിനുശേഷവും, ബിസിസിഐ കേസുമായി മുന്നോട്ടുപോയി. തുടർന്നാണ് ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർക്ക് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലും ബിസിസിഐയിലും 12 വർഷത്തെ കാലാവധി അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.

മുൻകാല ഉത്തരവുകൾ അടിസ്ഥാനപരമായി തെറ്റാണെന്നും, വിധിയുടെ തീർപ്പിനെക്കാൾ പ്രധാനം ഭാരവാഹികളുടെ തുടർച്ചയാണെന്നും കണ്ടെത്തിയേക്കാമെന്നതിനാൽ സുപ്രീം കോടതിക്ക് ശരിയെന്നു തോന്നിയതു ചെയ്തെന്നാണ് പുതിയ ഉത്തരവിനെക്കുറിച്ച് ലോധ പ്രതികരിച്ചത്.

ഓരോ മൂന്ന് വർഷത്തെ കാലാവധിക്കു ശേഷവും ബിസിസിഐ ഭാരവാഹികൾ മാറിനിൽക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ കാരണങ്ങളും അദ്ദേഹം വിശദമാക്കി. ” കൂളിങ് ഓഫ് കാലഘട്ടത്തെക്കുറിച്ചുള്ള ഞങ്ങളുടെ ആശയം രണ്ട് വശങ്ങളിൽ അധിഷ്ഠിതമായിരുന്നു – അതിലൊന്ന് ഭരണനേതൃത്വത്തിൽ കുത്തകാവകാശം സ്ഥാപിക്കുന്നത് തടയുകയും, മറ്റൊന്ന് ഭരണ തലപ്പത്തേക്ക് പുതിയ അംഗങ്ങളെ കൊണ്ടുവരുകയും ചെയ്യുന്നതുമായിരുന്നു. ഭരണ നേതൃത്വത്തിൽ കുത്തകാവകാശം അവസാനിപ്പിക്കുന്നതിനുള്ള ഭരണഘടനയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കൂളിങ് ഓഫ്. നിങ്ങൾ ഒരു നീണ്ട കാലാവധി നൽകിയാൽ, അത് കുറച്ച് വ്യക്തികൾക്ക് അനുകൂലമായി ഒരു കുത്തകാവകാശം സൃഷ്ടിക്കും.”

തന്റെ കമ്മറ്റിയുടെ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചതാണെന്നും ലോധ ചൂണ്ടിക്കാട്ടി. ആദ്യ ഹിയറിങ്ങിൽ, അവർ ഞങ്ങളുടെ റിപ്പോർട്ട് അംഗീകരിക്കുകയും ഈ ക്ലോസ് അംഗീകരിക്കുകയും ചെയ്തു. പിന്നീട്, 2018 ഓഗസ്റ്റ് 9-ലെ ഉത്തരവ് പ്രകാരം ഇത് തിരുത്തി. ഒരുപക്ഷേ, ഇപ്പോൾ വീണ്ടും മാറുന്നത് ശരിയാണെന്ന് അവർ കരുതുന്നതായി ലോധ അഭിപ്രായപ്പെട്ടു.

2013 ലാണ് ബിസിസിഐ മുഖ്യ പ്രോമട്ടര്‍മാരായ ഐപിഎല്ലില്‍ ഒത്തുകളി നടന്നതായ വാര്‍ത്ത വരുന്നത്. ഇത് സംബന്ധിച്ച് ഉയര്‍ന്ന വിവിധ പരാതികള്‍ അന്ന് സുപ്രീംകോടതി പരിഗണിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചത്. എന്നാൽ ലോധ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ ബിസിസിഐ തള്ളി. ലോധ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുന്നത്‌ പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ. ഇക്കാര്യം വ്യക്തമാക്കി ബിസിസിഐ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Bcci was waiting for weather to change says reform panel head lodha