ബിസിസഐ അണ്ടര്‍ 23 വിമണ്‍സ് ലീഗില്‍ മണിപ്പൂരിനെ തകര്‍ത്ത് കേരളം. 147 റണ്‍സിനാണ് കേരളം മണിപ്പൂരിനെ തകര്‍ത്തത്. ദൃശ്യയുടെ സെഞ്ചുറിയുടെ കരുത്തിലാണ് കേരളത്തിന്റെ വിജയം. കേരളം ഉയര്‍ത്തിയ 192 റണ്‍സ് നേരിടാന്‍ ഇറങ്ങിയ മണിപ്പൂരിന് 45 റണ്‍സ് മാത്രമാണ് നേടാനായത്.

ഓപ്പണര്‍മാര്‍ രണ്ടു പേരും ഒരു റണ്‍സ് മാത്രമെടുത്ത മത്സരത്തില്‍ കേരളം തുടക്കത്തില്‍ തന്നെ തിരിച്ചടി നേടിയിരുന്നു. എന്നാല്‍ പിന്നാലെ വന്ന ദൃശ്യ തകര്‍പ്പന്‍ ബാറ്റിങിലൂടെ കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 59 പന്തില്‍ നിന്നുമാണ് ദൃശ്യ 115 റണ്‍സ് നേടിയത്. 14 ഫോറും മൂന്ന് സിക്‌സുമടങ്ങുന്നതാണ് ദൃശ്യയുടെ ഇന്നിങ്‌സ്.

കേരളത്തിനായി സായൂജ്യ 27 റണ്‍സും മിന്നു മണി 11 റണ്‍സും നേടി. മറ്റ് താരങ്ങളൊക്കെ രണ്ടക്കം കാണാതെ മടങ്ങിയെങ്കിലും ദൃശ്യയുടെ ഒറ്റയാള്‍ പോരാട്ടം കേരളത്തെ മറുകരയിലെത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങിന് ഇറങ്ങിയ മണിപ്പൂരിന് തുടക്കത്തില്‍ തന്നെ പിഴച്ചു. ഓപ്പണര്‍മാരായ സെറ്റേര്‍നിയും റോണിബാലയും 3 റണ്‍സും ആറ് റണ്‍സും മാത്രമാണ് നേടിയത്. പിന്നാലെ ടീം ബാറ്റിങ് തകര്‍ച്ച നേരിട്ടു. പുറത്താകാതെ 21 റണ്‍സെടുത്ത കാബിയ ബദോനിയാണ് മണിപ്പൂരിന്റെ ടോപ്പ് സ്‌കോറര്‍.

20 ഓവര്‍ തികച്ച് ബാറ്റ് ചെയ്‌തെങ്കിലും 45 റണ്‍സ് മാത്രമാണ് മണിപ്പൂരിന് നേടാനായത്.ഏഴ് വിക്കറ്റും നഷ്ടമായി. കേരളത്തിനായി കീര്‍ത്തി കെ ജെയിംസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook