കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള സാധ്യതകൾ സജീവമാവുകയാണ്. ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ യുഎഇയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.

ടി20 ലോകകപ്പ് മാറ്റിവയ്ക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിരുന്നെങ്കിലും ഇന്നലെയാണ് ഐസിസിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഇതോടെ പ്രഖ്യാപനത്തിന് കാത്തിരുന്ന ബിസിസിഐ വൈകാതെ തന്നെ ഐപിഎൽ നടത്തുന്നതിനുള്ള വഴികൾ തെളിച്ചു തുടങ്ങി എന്ന് പറയാം. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ അനുമതി തേടുമെന്ന് ഐപിഎൽ ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Also Read: ബൗളറായി രൂപപ്പെടുത്തിയത് ഐപിഎല്‍; ഹര്‍ഭജന്റെ ഉപദേശങ്ങള്‍ സഹായിച്ചു: മിച്ചേല്‍ സാന്റ്‌നര്‍

“ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നതിന് യുഎഇ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. 2014ൽ ടൂർണമെന്റിന്റെ ആദ്യ പാദം അവിടെയാണ് നടത്തിയത്. യുഎഇയിലെ സാഹചര്യങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നമുക്ക് നല്ല അറിവുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ തന്നെ ഐപിഎൽ ഗവേണിങ് ബോഡി ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി.

സെപ്റ്റംബർ അവസാന വാരത്തോടെ ആരംഭിക്കുന്ന തരത്തിൽ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവയ്ക്കുകയും പിന്നീട് അറിയിപ്പുണ്ടാകുന്നത് വരെ ബിസിസിഐ റദ്ദാക്കുകയുമായിരുന്നു.

Also Read: 2023 ക്രിക്കറ്റ് ലോകകപ്പ് വെെകും

അതേസമയം ഡിസംബർ വരെ ആഭ്യന്തര ക്രിക്കറ്റ് നടക്കില്ലെന്ന് ബിസിസിഐ അപെക്സ് കൗൺസിലിനെ അറിയിച്ചിരുന്നു. രാജ്യത്തുടനീളം നടക്കുന്ന വിവിധ ആഭ്യന്തര ടൂർണമെന്റുകളിലും ഏജ് ഗ്രൂപ്പ് മത്സരങ്ങളിലുമായി 38 ടീമുകളാണ് പങ്കെടുക്കേണ്ടത്. കളിക്കാരുടെ യാത്ര ഒരു വലിയ ഘടകമായതിനാൽ ഇക്കാര്യത്തിൽ പെട്ടന്ന തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി. ദുലീപ് ട്രോഫി, ദിയോധർ ട്രോഫി, ചലഞ്ചേഴ്സ് സീരീസ് തുടങ്ങിയ ടൂർണമെന്റുകൾ റദ്ദാക്കും.

Also Read: കരുത്ത് കാട്ടുക ബോളിങ് നിര, ബുംറ അക്രമണത്തിന് ചുക്കാൻ പിടിക്കും; പ്രവചനവുമായി ഓസിസ് താരം

ഓസ്ട്രേലിയയിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് ടി20 ലോകകപ്പ് മാറ്റിവയ്ക്കാൻ ഐസിസി തീരുമാനിച്ചത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിൽ നടക്കേണ്ടതായിരുന്നു മത്സരങ്ങൾ. എന്നാൽ വിക്ടോറിയ സംസ്ഥാനത്ത്കോവിഡ് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടമുണ്ടായപ്പോൾ മെയ് മാസത്തിൽ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് പ്രകടിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook