മുംബൈ: ഇംഗ്ലണ്ടിനെതിരെ തുടരെ തുടരെ രണ്ട് ടെസ്റ്റിലും തോറ്റമ്പിയതോടെ ഇന്ത്യന്‍ ടീം നായകനും പരിശീലകനുമെതിരെ നടപടിയുമായി ബിസിസിഐ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയില്‍ നിന്നും പരിശീലകന്‍ രവി ശാസ്ത്രിയില്‍ നിന്നും തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിസിസിഐ വിശദീകരണം ആരായും. മുമ്പ് ആരോപിച്ചത് അനുസരിച്ച് പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയവും ക്യാപ്റ്റന്‍ ആവശ്യപ്പെട്ട ടീമും നല്‍കിയിട്ടും എന്തുകൊണ്ടാണ് പൊരുതാന്‍ പോലും നില്‍ക്കാതെ ഇന്ത്യ പരാജയപ്പെട്ടതെന്നാണ് ബിസിസിഐ ചോദിക്കുന്നത്.

ഇരുവര്‍ക്കും പുറമെ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെയും ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിന്റെയും പ്രകടനവും ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ ശനിയാഴ്ച തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റിന്റെ ഫലമറിഞ്ഞ ശേഷം മാത്രം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്താല്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചു. അതേസമയം, നാണംകെട്ട് തോറ്റ ടീമിനെതിരെ ആരാധകരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതും ബിസിസിഐ കണക്കിലെടുത്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ തോല്‍വി വഴങ്ങിയപ്പോള്‍ ഒരുങ്ങാന്‍ മതിയായ സമയം കിട്ടിയില്ലെന്നും മല്‍സരങ്ങള്‍ തമ്മില്‍ കാര്യമായ അകലമില്ലെന്നുമാണ് ടീം കാരണം പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടില്‍ തയ്യാറെടുപ്പിന് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന ന്യായം പറയാന്‍ ടീമിനാകില്ലെന്നും ഇക്കുറി പരിമിത ഓവര്‍ മല്‍സരങ്ങള്‍ ആദ്യം നടത്തിയതുപോലും ടീമിനോട് അഭിപ്രായം തേടിയിട്ടാണെന്നും ബിസിസിഐയുടെ പ്രതിനിധികളിലൊരാള്‍ പറഞ്ഞതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

”സീനിയര്‍ ടീമിന്റെ പര്യടനം നടക്കുമ്പോള്‍ത്തന്നെ ‘നിഴല്‍ പരമ്പര’യ്ക്കായി എ ടീമിനേയും നാം അയച്ചിരുന്നു. സീനിയര്‍ ടീം അംഗങ്ങളായ മുരളി വിജയിനും അജിങ്ക്യ രഹാനെയ്ക്കും എ ടീമില്‍ കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ചോദിച്ചതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്. എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍, കാരണം ചോദിക്കാന്‍ ബോര്‍ഡിന് അധികാരമുണ്ട്,” അദ്ദേഹം പറയുന്നു.

ടീം തിരഞ്ഞടുപ്പിന്റെ കാര്യത്തിലുള്‍പ്പെടെ കോഹ്‌ലിക്കും ശാസ്ത്രിക്കും ബിസിസിഐ അനാവശ്യ സ്വാതന്ത്ര്യം നല്‍കുന്നതായി നേരത്തേ മുതല്‍ ആരോപണമുണ്ട്. അതേസമയം, പുറം വേദന മൂലം കഷ്ടപ്പെടുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് അടുത്ത ടെസ്റ്റില്‍ കളിക്കാനാകാതെ വന്നാല്‍, ടീമിനെ ആരു നയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന രഹാനെയ്ക്ക് പകരമായി താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രവിചന്ദ്രന്‍ അശ്വിന്റെ പേരാണ് പരിഗണനയില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook