/indian-express-malayalam/media/media_files/2025/01/17/B3lN9v21bIZtqkD1Tpl5.jpg)
സഞ്ജു സാംസൺ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരളത്തിനായി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരുന്ന സംഭവം അന്വേഷിക്കാൻ ബിസിസിഐ. ഡൊമസ്റ്റിക് ക്രിക്കറ്റിന് വലിയ പ്രാധാന്യം ബിസിസിഐ നൽകുന്ന സാഹചര്യത്തിൽ സഞ്ജു വിജയ് ഹസാരെ കളിക്കാതിരുന്നതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ട്.
വിജയ് ഹസാരെ ട്രോഫിക്ക് മുൻപ് കേരള ടീമിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇതിൽ സഞ്ജു പങ്കെടുത്തില്ല. ഇതിനെ തുടർന്ന് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള സ്ക്വാഡിൽ നിന്ന് കെസിഎ ഒഴിവാക്കി. വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം മുതൽ കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ച് സഞ്ജു കെസിഎയ്ക്ക് ഇമെയിൽ അയച്ചിരുന്നു.
എന്നാൽ സഞ്ജുവിന്റെ ഇമെയിൽ അവഗണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്താതെ മാറ്റി നിർത്തി. ഇതിനെ കുറിച്ച് വിശദീകരണം തേടിയപ്പോൾ യുവ താരങ്ങളെയാണ് വിജയ് ഹസാരെ ട്രോഫിക്കായി അയച്ചത് എന്നായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിചിത്ര നിലപാട്.
വിജയ് ഹസാരെയ്ക്ക് മുൻപ് നടത്തിയ ക്യാംപിൽ പങ്കെടുക്കാത്തതിന്റെ കാരണം സഞ്ജു വ്യക്തമാക്കാതിരുന്നതാണ് കേരള ക്രിക്കറ്റ് അസോസിയേഷനെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ഇതിനെ തുടർന്നാണ് സഞ്ജു കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിട്ടും സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചാംപ്യൻസ് ട്രോഫി സ്ക്വാഡിനെ പ്രഖ്യാപിക്കുന്നതിന് മുൻപ് സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അന്വേഷിക്കും എന്നാണ് ബിസിസിഐ വൃത്തങ്ങൾ പ്രതികരിക്കുന്നത്. 'സെലക്ടർമാരും ബിസിസിഐയും ഡൊമസ്റ്റിക് ക്രിക്കറ്റിന്റെ പ്രാധാന്യം എന്തെന്ന് വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ വർഷം ഡൊമസ്റ്റിക് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്നാണ് ഇഷാൻ കിൽനും ശ്രേയസ് അയ്യറിനും ബിസിസിഐയുടെ വാർഷിക കരാർ നഷ്ടമായത്, ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
എന്തുകൊണ്ട് സഞ്ജു വിജയ് ഹസാരെ കളിച്ചില്ല എന്നതിൽ ബിസിസിഐക്ക് ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. നിലവിൽ ദുബായിയിൽ സഞ്ജു കൂടുതൽ സമയം ചിലവഴിക്കുന്നു എന്നത് മാത്രമാണ് ബിസിസിഐക്ക് അറിയാവുന്നത് എന്നും ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
അടുത്ത ആഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിൽ സഞ്ജു ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ വിജയ് ഹസാരെ ട്രോഫി 50 ഓവർ ഫോർമാറ്റ് ആണ്. ഇതിൽ കളിച്ച് മികവ് കാണിച്ചിരുന്നു എങ്കിൽ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ സഞ്ജുവിന് ഇടം പിടിക്കാനുള്ള സാധ്യതകൾ കൂടുതലായിരുന്നു. നിലവിൽ ഋഷഭ് പന്ത്, ധ്രുവ് ജുറെൽ എന്നിവരെയാണ് സെലക്ടർമാർ ചാംപ്യൻസ് ട്രോഫി സ്ക്വാഡിലെ വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us