മുംബൈ: ആരാണ് ധോണി? ഏറ്റവും മികച്ച ക്യാപ്റ്റൻ? വിക്കറ്റ് കീപ്പർ? ബാറ്റ്സ്‌മാൻ? ഫിനിഷർ? ആരാണയാൾ. കൂറ്റനടികൾ കൊണ്ട്, ബോളർമാരെ തച്ചുടച്ച് ക്രീസിൽ നിറഞ്ഞാടിയ ധോണി കളി അവസാനിപ്പിക്കുകയാണോ? അടുത്ത ലോകകപ്പ് വരെ അദ്ദേഹമുണ്ടാവില്ലേ?

ഇങ്ങിനെ തുടങ്ങി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചിലേക്ക് ഒരു നൂറ് ചോദ്യങ്ങളെങ്കിലും എയ്യുന്നുണ്ട് ബിസിസിഐയുടെ പുതിയ തീരുമാനം. ചരിത്രത്തിലാദ്യമായി ടി20 ടീമിൽ നിന്ന് ധോണി പുറത്ത്. വിന്റീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുളള ടീമിൽ നിന്നാണ് മുൻ ക്യാപ്റ്റൻ ധോണിയെ ഒഴിവാക്കിയത്. സമീപഭാവിയിൽ തന്നെ ധോണി വിരമിക്കാനുളള സാധ്യത മുന്നിൽ കാണുന്നു അവർ.

ദിനേശ് കാർത്തിക്കിനും പ്രായം കൂടുതലുളളതിനാൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിനെയാണ് സെലക്ടർമാർ പരിഗണിച്ചത്. ഏതായാലും വിന്റീസിനെതിരെ ടീമിനെ പ്രഖ്യാപിച്ചതോടെ ധോണിയെ യാത്രയാക്കാനൊരുങ്ങുകയാണ് ബിസിസിഐ എന്ന് വ്യക്തം. ടെസ്റ്റിൽ നിന്ന് വിരമിച്ച ധോണി ഇനി ടി20 യിലും കളിക്കാൻ സാധ്യതയില്ല.

ഏകദിന മത്സരങ്ങളിൽ മാത്രമായിരിക്കും മഹേന്ദ്രസിങ് ധോണിയെ ഇനി പരിഗണിക്കുകയെന്നാണ് കരുതപ്പെടുന്നത്. അങ്ങിനെയെങ്കിൽ 2019 ൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്നെ വിരമിച്ചേക്കും.

ധോണി അഭ്യർത്ഥിച്ചിട്ടല്ല അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്.  അദ്ദേഹത്തിന്റെ മോശം ബാറ്റിങ് പ്രകടനവുമല്ല. മറ്റെന്താണ് അതിന് കാരണം? “ഭാവി മുന്നിൽ കണ്ട് എടുത്ത തീരുമാനം,” എന്ന് മാത്രമാണ് സെലക്ടർ എംഎസ്കെ പ്രസാദ് ഇതിന് നൽകിയ മറുപടി.

37 വയസുണ്ട് ധോണിക്ക്. എന്നാൽ വിക്കറ്റിന് പിന്നിൽ അദ്ദേഹത്തേക്കാൾ മികച്ചൊരു കീപ്പർ ഇന്നോളം ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടില്ല. ഋഷഭ് പന്തിനെ ഈ നിലയിലേക്ക് വളർത്തിയെടുക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.

പന്തിനെ ധോണിക്ക് പകരക്കാരനാക്കുകയാണ് ബിസിസിഐ എന്ന് നേരത്തെ തന്നെ സൂചനകൾ ഉയർന്നിരുന്നു. ഋഷഭ് പന്തിനെ വാനോളം പ്രശംസിച്ച് കോച്ച് രവി ശാസ്ത്രിയും എംഎസ്കെ പ്രസാദും വിരാട് കോഹ്ലിയും എല്ലാം രംഗത്ത് വന്നിരുന്നതുമാണ്. എന്നാൽ ധോണിയെ കളത്തിന് പുറത്ത് കാഴ്ചക്കാരനാക്കി ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചതല്ല.

93 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച ധോണി 80 ഇന്നിങ്സുകളിൽ ബാറ്റ് വീശിയിട്ടുണ്ട്. 56 റൺസാണ് ഉയർന്ന സ്കോർ. 40 ഇന്നിങ്സിലും അദ്ദേഹത്തെ പുറത്താക്കാൻ ബോളർമാർക്ക് സാധിച്ചില്ല. 1487 റൺസാണ് ടി20 യിലെ സമ്പാദ്യം. പക്ഷെ ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും തന്ത്രങ്ങൾ കൊണ്ട് ധോണി ഇന്ത്യൻ ടീമിന് നേടിക്കൊടുത്തത് വിലമതിക്കാനാവാത്ത വിജയങ്ങളാണ്. പകരക്കാരനില്ലാത്ത ഒഴിവാണ് ടി20 ടീമിലും ധോണി ബാക്കിയാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook