കൊൽക്കത്ത: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിൽ മുഹമ്മദ് ഷമിക്ക് കടുത്ത നിയന്ത്രണങ്ങളുമായി ബിസിസിഐ.  ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ടീമിൽ കളിക്കേണ്ടതിനാൽ കേരളത്തിനെതിരായ മത്സരത്തിൽ അധികം ആവേശം കാണിക്കേണ്ടെന്നാണ് താരത്തോട് പറഞ്ഞിരിക്കുന്നത്.

ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ആരംഭിക്കാനിരിക്കുന്ന മത്സരത്തിൽ ഷമിക്ക് ഒരു സെഷനിൽ മൂന്ന് ഓവറുകൾ മാത്രമേ എറിയാനാകൂ. ഒരു ദിവസം പരമാവധി 15 ഓവറുകളേ എറിയാൻ പാടുളളൂ. എല്ലാ ദിവസവും മത്സരശേഷം ശാരീരിക ക്ഷമത പരിശോധിക്കണം.

ശാരീരികക്ഷമത റിപ്പോർട്ട് ഓരോ ദിവസവും ടീം ഇന്ത്യയുടെ ഫിസിയോക്ക് സമർപ്പിക്കണം.  ബിസിസിഐ കടുത്ത നിയന്ത്രണങ്ങൾ വച്ചിട്ടും ഷമിയെ കളിപ്പിക്കുമെന്ന നിലപാടിൽ തന്നെയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ.

കേരളത്തിന്റെ ബാറ്റിങ് നിരയെ പൂട്ടാൻ ഈ 15 ഓവർ തന്നെ ധാരാളമെന്നാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ നിഗമനം. ഇക്കാര്യം ബംഗാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മനോജ് തിവാരി തന്നെ വ്യക്തമാക്കി.

“ദേശീയ ടീമിന്റെ താൽപര്യങ്ങൾക്കു തന്നെയാണ് എപ്പോഴും മുൻതൂക്കം. അതുകൊണ്ട് ബിസിസിഐയുടെ നിയന്ത്രണങ്ങൾ അനുസരിക്കുക തന്നെ ചെയ്യും. അതിന് ഞങ്ങൾ ബാധ്യസ്ഥരുമാണ്. ഷമിക്ക് കൂടുതൽ ഓവറുകൾ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ഇത്തരമൊരു പിച്ചിൽ മറ്റു ബോളർമാർക്കൊപ്പം വേണ്ടതു ചെയ്യാൻ ഷമിക്കു സാധിക്കുമെന്ന ഉറച്ച വിശ്വാസം ടീമിനുണ്ട്’ തിവാരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook