ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് താക്കീത് നല്‍കിയിട്ടില്ലെന്ന് ബിസിസിഐ. ഓസ്‌ട്രേലിയന്‍ പര്യടന സമയത്ത് മാന്യമായി പെരുമാറണം എന്ന് ബിസിസിഐ വിരാടിന് മുന്നറിയിപ്പ് നല്‍കിയെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിസിസിഐ വാര്‍ത്ത നിഷേധിക്കുകയും ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. നവംബര്‍ 17ന് പുറത്തിറങ്ങിയ മുംബൈ ആസ്ഥാനമാക്കിയുള്ള പത്രത്തില്‍ വിരാടിന് ബിസിസിഐ അഡ്മിനിട്രേറ്റേഴ്‌സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത ഉണ്ടായിരുന്നു. ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ പിന്നെന്തിന് ഈ രാജ്യത്ത് ജീവിക്കണം എന്ന് ആരാധകന് കോഹ്‌ലി നല്‍കിയ മറുപടി വിവാദത്തിലായതിന്റെ പശ്ചാലത്തിലായിരുന്നു വാര്‍ത്ത വന്നത്.

കോഹ്‌ലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് താന്‍ കാണാറെന്നും ക്രിക്കറ്റ് ആരാധകന്‍ പറഞ്ഞു. ഇതാണ് കോഹ്‌ലിയെ പ്രകോപിപ്പിച്ചത്, താങ്കള്‍ക്ക് എന്നാല്‍ ആ രാജ്യങ്ങളില്‍ പോയി ജീവിക്കാമായിരുന്നില്ലെ എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.

‘നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. രാജ്യത്ത് നിന്ന് മാറി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളെ ആരാധിക്കുന്നത് എന്തിനാണ്..? പ്രെയോരിറ്റികള്‍ തീരുമാനിക്കൂ. നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യമല്ല. മാത്രമല്ല, നിങ്ങള്‍ ഇവിടെ ജീവിച്ച് മറ്റുള്ള താരങ്ങളെ ആരാധിക്കുന്നത് ശരിയാണെന്നും എനിക്ക് തോന്നുന്നില്ല’ കോഹ്‌ലി പറഞ്ഞു.

സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിവാദമായി മാറി. കോഹ്‌ലി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അസഹിഷ്ണുതയാണെന്നുമായിരുന്നു വിമര്‍ശനം. മറ്റൊരാള്‍ അയാളുടെ ഭാഗം പറഞ്ഞതിന് ഇത്രത്തോളം അഹങ്കാരം പാടില്ലെന്നും ചിലര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook