/indian-express-malayalam/media/media_files/uploads/2017/03/sreesanth.jpg)
ന്യൂഡൽഹി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) കുറച്ചു. 7 വർഷമായാണ് കുറച്ചത്. വിലക്ക് അടുത്ത വർഷം ഓഗസ്റ്റിൽ അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാൻ ഡി.കെ.ജെയിൻ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. സുപ്രീം കോടതി നിർദേശമനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം.
2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടർന്നായിരുന്നു വിലക്ക്. ബിസിസിഐയുടെ പുതിയ തീരുമാനം അനുസരിച്ച് ശ്രീശാന്തിന് 2020 ഓഗസ്റ്റിൽ ശ്രീശാന്തിന് കളിക്കളത്തിൽ ഇറങ്ങാം. ദൈവാനുഗ്രഹമെന്നാണ് ബിസിസിഐയുടെ തീരുമാനത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് ശ്രീശാന്ത് പ്രതികരിച്ചത്. ഇന്ത്യൻ ടീമിൽ തിരികെ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കുകയാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു.
ഐപിഎല്‍ സീസണില്‍ വാതുവയ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല.
തുടർന്നാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കി. വിലക്ക് നീക്കിയെങ്കിലും ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി വീണ്ടും ബിസിസിഐക്കുതന്നെ വിടുകയാണ് കോടതി ചെയ്തത്.
Read Here: കെയ്ൻ വില്യംസണിന് തിരിച്ചടി; ഐസിസി വിലക്ക് ഏർപ്പെടുത്തിയേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.