ന്യൂഡൽഹി: രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ ട്വീറ്റ്. 2022ൽ തന്റെ ക്രിക്കറ്റ് ജീവിതത്തിന് 30 വയസായെന്നും ഇന്ന് ഒരുപാട് ആളുകളെ സഹായിക്കാൻ കഴിയുന്ന പുതിയൊരു സംരംഭത്തിലേക്ക് കടക്കാൻ പദ്ധതിയിടുകയാണെന്നും ഗാംഗുലി പറഞ്ഞു. ഇതുവരെ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
“1992-ൽ ആരംഭിച്ച എന്റെ ക്രിക്കറ്റ് യാത്ര 2022ൽ 30 വർഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങൾ തന്നു. ഏറ്റവും പ്രധാനമായി എനിക്ക് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ നൽകി. യാത്രയുടെ ഭാഗമാകുകയും എന്നെ പിന്തുണക്കുകയും എന്നെ ഇതുവരെ എത്താൻ സഹായിക്കുകയും ചെയ്ത ഓരോ വ്യക്തിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന്, ഒരുപാട് ആളുകളെ സഹായിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്ന ഒന്ന് ആരംഭിക്കാൻ ഞാൻ പദ്ധതിയിടുകയാണ്. എന്റെ ജീവിതത്തിന്റെ ഈ അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ പിന്തുണ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” സൗരവ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.
ട്വീറ്റിന് പിന്നാലെ ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ ഗാംഗുലി അധ്യക്ഷ സ്ഥാനം ഒഴിയുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഗാംഗുലി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) 39-ാമത്തെ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.
Also Read: ‘ധോണി ടീമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വിരമിക്കാമെന്ന് കരുതി; പക്ഷെ സച്ചിന് എന്നെ തിരുത്തി’