ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ മനോഭാവം ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ (ബിസിസിഐ) അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എന്നാല്‍ എല്ലാരുമായും കലഹിക്കുന്ന കോഹ്ലിയുടെ ശൈലിയോട് അതൃപ്തിയുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.
ഗുഡ്ഗാവിൽ നടന്ന ഒരു പരിപാടിയിൽ ഏത് കളിക്കാരനാണ് ഏറ്റവും മികച്ച മനോഭാവമുള്ളത് എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്. “വിരാട് കോഹ്ലിയുടെ മനോഭാവം എനിക്ക് ഇഷ്ടമാണ്, പക്ഷേ അദ്ദേഹം ഒരുപാട് കലഹിക്കുന്നു,” ബിസിസിഐ അധ്യക്ഷന്‍ പറഞ്ഞു.
നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ഗാംഗുലിയുടെ പ്രസ്താവന തള്ളിക്കൊണ്ടുള്ള കോഹ്ലിയുടെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പുറപ്പെടുന്നതിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു കോഹ്ലിയുടെ അപ്രതീക്ഷിത മറുപടി.
തന്നോട് ട്വന്റി 20 നായകസ്ഥാനത്ത് നിന്ന് പിന്മാറണം എന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു കോഹ്ലി പറഞ്ഞത്. കോഹ്ലിയുടെ വാര്‍ത്താസമ്മേളനത്തിന്റെ തലേ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ വ്യക്തിപരമായി കോഹ്ലിയോട് നായകസ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടതായി ഗാംഗുലി പറഞ്ഞിരുന്നു.
Also Read: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ശ്രീകാന്ത് – ലോ കീന്‍ യൂ പോരാട്ടം ഇന്ന്