ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു സുവർണകാലഘട്ടം അവസാനിപ്പിച്ചുകൊണ്ടാണ് എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് തന്രെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പര്യടനത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യ നേരിടും. അപ്പോഴും എംഎസ് ധോണിക്ക് അർഹമായ യാത്രയയപ്പ് നൽകാൻ ബിസിസിഐക്ക് സാധിക്കില്ല.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അത്തരത്തിലൊരു പരിപാടിയും സംഘടിപ്പിക്കാൻ ബിസിസഐക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പരമ്പരയ്ക്ക് മുന്നോടിയായി താരത്തിന് ആദരമർപ്പിച്ചിരിക്കുകയാണ് ബിസിസിഐ.
Also Read: വാക്കേറ്റം, വിരൽചൂണ്ടൽ; ക്രിസ് മോറിസിനും ഹാർദിക് പാണ്ഡ്യക്കുമെതിരെ ബിസിസിഐ നടപടി
തിങ്കളാഴ്ചയാണ് ഓസിസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെ ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന്റെ കവർ ഫൊട്ടോയിൽ എംഎസ് ധോണി പ്രത്യക്ഷപ്പെട്ടു. “നന്ദി എംഎസ് ധോണി (#ThankYouMSDhoni)” എന്ന കുറിപ്പോടെയാണ് കവർ ചിത്രം.
ഓഗസ്റ്റ് 15 നു വളരെ നാടകീയമായാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. ധോണിയുടെ 16 വർഷം നീണ്ട അന്താരാഷ്ട്ര കരിയറാണ് ഇതോടെ അവസാനിച്ചത്.