ന്യൂഡൽഹി: മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റർ പാനലിൽ നിന്ന് ബിസിസിഐ പുറത്താക്കിയതായി റിപ്പോർട്ട്. ഐസിസി ലോകകപ്പ് ഉൾപ്പടെയുള്ള ടൂർണമെന്റുകളിലും ഇന്ത്യയുടെ മത്സരങ്ങളിലും കമന്ററി ബോക്സിലെ സ്ഥിര സാനിധ്യമായിരുന്നു സഞ്ജയ് മഞ്ജരേക്കർ. ബിസിസിഐ വൃത്തങ്ങളെ ഇദ്ധരിച്ച് മുംബൈ മിററാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിന മത്സരത്തിൽ മറ്റ് കമന്റേറ്റർമാർക്കൊപ്പം സഞ്ജയ് മഞ്ജരേക്കർ ഉണ്ടായിരുന്നില്ല. മഴമൂലം ഉപേക്ഷിച്ച മത്സരത്തിൽ സുനിൽ ഗാവസ്കർ, എൽ. ശിവരാമകൃഷ്ണൻ, മുരളി കാർത്തിക് എന്നിവർ എത്തിയിരുന്നെങ്കിലും മഞ്ജരേക്കറുടെ അസാനിധ്യം ശ്രദ്ധേയമായിരുന്നു.

കൊറോണ ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15 ലേക്ക് മാറ്റിവെച്ച ഐപിഎല്‍ മത്സരങ്ങളിലും മഞ്ജരേക്കര്‍ കമന്ററി ബോക്സിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 29നായിരുന്നു നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്.

അതേസമയം എന്തുകൊണ്ടാണ് സഞ്ജയ് മഞ്ജരേക്കറെ പുറത്താക്കിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ബിസിസിഐ മഞ്ജരേക്കറുടെ ജോലിയിൽ തൃപ്തരല്ലെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. ”ഐ‌പിഎൽ പാനലിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയേക്കാം. അദ്ദേഹത്തിന്റെ ജോലിയിൽ അവർ സന്തുഷ്ടരല്ല എന്നതാണ് വാസ്തവം,” പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.

പലപ്പോഴും പല വിവാദങ്ങളുടെയും ഭാഗമായിരുന്നു സഞ്ജയ് മഞ്ജരേക്കർ. ഇംഗ്ലണ്ട് ലോകകപ്പിനിടെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുമായി കോർത്ത മ‍ഞ്ജരേക്കർ, പിന്നീട് സഹ കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുമായും ഉരസി. ജഡേജ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനോ ബോളറോ അല്ലെന്നും ഇത്തരം താരങ്ങളല്ല, ടീമിൽ വേണ്ടതെന്ന മഞ്ജരേക്കറുടെ പരാമര്‍ശമാണ് വിവാദത്തിലായത്.

ഹര്‍ഷ ഭോഗ്ലെയും മഞ്ജരേക്കറും പിങ്ക് ബോള്‍ ടെസ്റ്റിനിടെ ഉപയോഗിക്കുന്ന പന്തിനെക്കുറിച്ചു ചൂടേറിയ വാക്കേറ്റത്തിലേര്‍പ്പിട്ടിരുന്നു. ചർച്ചക്കിടെ ഹര്‍ഷ ബോഗ്ലെ ഇന്ത്യയ്ക്കായി ഒരു മത്സരവും കളിച്ചിട്ടില്ലെങ്കിലും അറിയപ്പെടുന്ന കമന്റേറ്ററാണ് എന്ന പരാമർശം വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook