ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം രോഹിത് ശർമയെയും ബിസിസിഐ അയച്ചേക്കും. നേരത്തെ ഓസീസ് പര്യടനത്തിനു ഇന്ത്യൻ ടീമിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കിയിരുന്നു. ടി 20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമിൽ രോഹിത് ശർമ ഇടംപിടിച്ചിട്ടില്ല. പരുക്കും ഫിറ്റ്‌നസുമാണ് പ്രധാന പോരായ്‌മയായി ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, രോഹിത്തിനെ ടീമിനൊപ്പം അയക്കാനും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം താരത്തിനു അവസരം നൽകാനുമാണ് ബിസിസിഐ ഇപ്പോൾ ആലോചിക്കുന്നത്. രോഹിത് ശർമയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
‘രോഹിത് ടീമിനൊപ്പം നിൽക്കുകയാണ് നല്ലത്. ടീമിനൊപ്പം നിന്ന് തനിക്ക് സാധിക്കുന്നവിധത്തിൽ അദ്ദേഹം പരിശ്രമിക്കട്ടെ. ഫിസിയോ നിതിൻ പട്ടേൽ, ട്രെയിനർ നിക് വെബ് എന്നിവർക്കൊപ്പം ഫിറ്റ്‌നസിന്റെ കാര്യം ശ്രദ്ധിക്കട്ടെ. അതിനുശേഷം മറ്റ് കാര്യങ്ങൾ നോക്കാം.’ ബിസിസിഐ ഉന്നതവൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ സാഹചര്യത്തിൽ ഏകദിന പരമ്പരയിൽ നിന്ന് രോഹിത്തിനെ പൂർണമായും ഒഴിവാക്കിയേക്കും. നവംബർ 27 നാണ് പരമ്പര ആരംഭിക്കുന്നത്. ഏകദിന പരമ്പരയുടെ സമയത്ത് രോഹിത് ടീമിനൊപ്പം ഉണ്ടാകുകയാണെങ്കിൽ അതിനുശേഷം വരുന്ന ടി 20 പരമ്പരയിൽ സാഹചര്യത്തിനനുസരിച്ച് രോഹിത്തിനെ അവസാന ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ടി 20 പരമ്പരയ്‌ക്ക് ശേഷമുള്ള ടെസ്റ്റ് പരമ്പരയിലും രോഹിത് കളിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്.
Read Also:ഐപിഎൽ 2020ൽ ആർസിബിക്ക് പിഴച്ചതെവിടെ?
അതേസമയം, ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ രണ്ട് ടെസ്റ്റുകൾ വിരാട് കോഹ്‌ലിക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കോഹ്‌ലി കളിച്ചേക്കില്ല. ബിസിസിഐയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശർമയും തങ്ങളുടെ ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ്. ജനുവരിയിൽ അനുഷ്‌ക കുഞ്ഞിന് ജന്മം നൽകാനാണ് സാധ്യത. അതിനാൽ ഈ സമയത്ത് ഭാര്യക്കൊപ്പം ആയിരിക്കാൻ വേണ്ടി കോഹ്‌ലി ഓസീസ് പര്യടനത്തിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നു വിട്ടുനിൽക്കാനാണ് സാധ്യത.
കോഹ്‌ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയോ കെ.എൽ.രാഹുലോ ആയിരിക്കും അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക. കോഹ്‌ലി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ, കോഹ്‌ലി പറ്റേർണിറ്റി ലീവ് എടുക്കാനാണ് സാധ്യതയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
“കുടുംബത്തിന് പ്രാഥമിക പരിഗണന വേണമെന്നാണ് ബിസിസിഐ എപ്പോഴും വിശ്വസിക്കുന്നത്. പറ്റേർണിറ്റി ലീവ് എടുക്കാൻ ഇന്ത്യൻ നായകൻ ആഗ്രഹിക്കുകയാണെങ്കിൽ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയ്‌ക്കായി കളിക്കില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബിസിസിഐ ഉന്നതൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സാധാരണ നിലയിൽ ആണെങ്കിൽ ഭാര്യയുടെ പ്രസവസമയത്ത് അദ്ദേഹത്തിനു നാട്ടിൽ പോകാം. ശേഷം തിരിച്ചെത്തി നാലാം ടെസ്റ്റ് കളിക്കാവുന്നതേയുള്ളൂ. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോയി കുഞ്ഞിനെ കണ്ട് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരും. അങ്ങനെ വന്നാൽ അവസാന ടെസ്റ്റ് കളിക്കുക അസാധ്യമാണ്. അതുകൊണ്ടാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം ഇന്ത്യൻ നായകൻ ആലോചിക്കുന്നത്.