മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ ബിസിസിഐ. അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന് വിടാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. സിഒഎ തലവന്‍ വിനോദ് റായിയാണ് തീരുമാനം അറിയിച്ചത്. ലോകകപ്പിന് ഇനിയും മൂന്ന മാസം ബാക്കിയുള്ളതിനാല്‍ തിടുക്കപ്പെടേണ്ടതില്ലെന്നാണ് സിഒഎ തീരുമാനം.
”ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുന്നത് ജൂണ്‍ 16നാണ്. അന്തിമതീരുമാനം പിന്നീട് എടുക്കും. സര്‍ക്കാരുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക” പ്രത്യേക ജനറല്‍ മീറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റായി. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്ക് എഴുതുമെന്നും അദ്ദേഹം അറിയിച്ചു.
”പുല്‍വാമയിലുണ്ടായ ആക്രമണവും അതുണ്ടാക്കിയ അരക്ഷിതാവസ്ഥയും ഐസിസിയെ അറിയിക്കും. പാക്കിസ്ഥാനെതിരായ മത്സരത്തെ കുറിച്ചും താരങ്ങളുടെ ഒഫീഷ്യല്‍സിന്റേയും സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും അറിയിക്കും.
അതേസമയം, ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിക്കുമെന്നും അതിനായി മാറ്റി വച്ച തുക പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും റായി അറിയിച്ചു.