കൊച്ചി: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട്ടിൽ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ കേരളത്തിലേക്ക് മാറ്റിയേക്കും. തമിഴ്‌നാട്ടിൽ ഭരണ-പ്രതിപക്ഷ കക്ഷികളെല്ലാം ഒരേ സ്വരത്തിൽ മത്സരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തിലാണ് ബിസിസിഐ ഈ തീരുമാനത്തിലേക്ക് കടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നു. ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് മത്സരങ്ങൾ സംഘടിപ്പിക്കാനുളള സാധ്യത എത്രത്തോളമാണെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. കേരള ക്രിക്കറ്റ് അസോസിയേഷൻ അനുകൂല തീരുമാനമെടുത്താൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളെത്തും.

ചെന്നൈ സൂപ്പർ കിംഗ്‌സിനെ സംബന്ധിച്ച് ഏറെ ആരാധകരുളള തമിഴ്‌നാട്ടിൽ ക്രിക്കറ്റ് ആരാധകർക്ക് എളുപ്പത്തിൽ തിരുവനന്തപുരത്തേക്ക് എത്തിച്ചേരാനാകുമെന്നതും കേരളത്തെ പരിഗണിക്കാനുളള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. മുൻപ് കൊച്ചി ടസ്കേഴ്‌സ് ഐപിഎല്ലിൽ കളിച്ചിരുന്നപ്പോൾ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു ഐപിഎൽ മത്സരങ്ങൾ നടന്നിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ