കൊച്ചി: വിലക്ക് എടുത്ത് മാറ്റിയ ഹൈക്കോടതി വിധിയില്‍ അനുകൂല നടപടി സ്വീകരിക്കാത്ത ബിസിസിഐയ്ക്കെതിരെ എസ് ശ്രീശാന്ത് രംഗത്ത്. “ബിസിസിഐ, നിങ്ങളോട് ഞാന്‍ ഭിക്ഷ യാചിക്കുകയല്ല. എന്റെ വരുമാന മാര്‍ഗം തിരിച്ചു തരണമെന്നാണ് നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നത്. ഇത് എന്റെ അവകാശമാണ്. നിങ്ങള്‍ ദൈവത്തിന് മുകളില്‍ ഒന്നുമല്ല. ഞാന്‍ വീണ്ടും കളിക്കും”, ശ്രീശാന്ത് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ബിസിസിഐയ്ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഏറ്റവും മോശമായ അവസ്ഥയാണിതെന്നും നിരപരാധിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച തന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ശ്രീശാന്ത് കുറിച്ചു. 2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് പറഞ്ഞ കോടതി വിലക്ക് നീക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ശ്രീശാന്തിനെ ക്രിക്കറ്റിൽനിന്ന് മാറ്റി നിർത്തിയത് ശരിയായില്ല. ഒത്തുകളി കേസ് കോടതി തളളിയതിനാൽ ബിസിബിസിസിഐ വിലക്ക് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം വെറും പ്രഹസനമാണെന്ന് നിരീക്ഷിച്ച കോടതി വിലക്ക് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ