നിലവില്‍ ഐപിഎല്ലിന്റെ സ്‌പോണ്‍സറായ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ഇന്ത്യയെ സഹായിക്കുകയാണെന്നും തിരിച്ചല്ലെന്നും ബിസിസിഐയുടെ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷം 20 ഇന്ത്യന്‍ സൈനികളുടെ ജീവനെടുത്ത സാഹചര്യത്തില്‍ ചൈനീസ് കമ്പനികളുടെ ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കണമെന്ന വാദം ഉയരുന്നതിനിടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് നയം പുതിയ സ്‌പോണ്‍സര്‍മാരെ തേടുമ്പോള്‍ പുനപരിശോധിക്കാമെന്നും ധുമല്‍ പറഞ്ഞു.

ഐപിഎല്‍ പോലെ ഇന്ത്യയില്‍ നടക്കുന്ന പരിപാടികള്‍ ചൈനീസ് കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയുടെ താല്‍പര്യങ്ങളെ സഹായിക്കുകയാണെന്ന് ധുമല്‍ പറയുന്നു. വിവോയില്‍ നിന്നും ബിസിസിഐയ്ക്ക് 440 കോടി രൂപയാണ് ലഭിക്കുന്നത്. അഞ്ചുവര്‍ഷത്തെ കരാര്‍ 2022-ന് അവസാനിക്കും.

“നിങ്ങള്‍ വൈകാരികമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് യുക്തിയെ ഉപേക്ഷിക്കാന്‍ തോന്നും. ചൈനയുടെ താല്‍പര്യത്തിനു വേണ്ടി ചൈനീസ് കമ്പനിയെ പിന്തുണയ്ക്കുന്നതിലേയും ഇന്ത്യയുടെ താല്‍പര്യത്തിനുവേണ്ടി ചൈനീസ് കമ്പനിയില്‍ നിന്നും സഹായം സ്വീകരിക്കുന്നതിലേയും വ്യത്യാസം മനസ്സിലാക്കണം,” ധുമല്‍ പിടിഐയോട് പറഞ്ഞു.

Read Also: കോവിഡ്-19 പരിശോധനയുടെ ചെലവും സമയ ദൈര്‍ഘ്യവും ട്യൂനാറ്റ് കുറയ്ക്കുന്നത് എങ്ങനെ?

ചൈനീസ് കമ്പനി ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന പണത്തിലൊരു വിഹിതം ബിസിസിഐയ്ക്ക് ബ്രാന്‍ഡ് പ്രൊമോഷന്‍ എന്ന നിലയില്‍ നല്‍കുന്നുണ്ടെന്നും ആ തുകയില്‍ 42 ശതമാനം നികുതി ബോര്‍ഡ് സര്‍ക്കാരിന് നല്‍കുന്നുവെന്നും ധുമല്‍ പറയുന്നു. “അതിനാല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇന്ത്യയുടെ താല്‍പര്യത്തെയാണ് പിന്തുണയ്ക്കുന്നത്. ചൈനയുടേതല്ല,” അദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെ ചൈനീസ് കമ്പനിയായ ഓപ്പോയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ മലയാളിയുടെ വിദ്യാഭ്യാസ സ്റ്റാര്‍ട്ട് അപ്പായ ബൈജൂസ് ആപ്പാണ് ഇന്ത്യന്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

Read Also: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക്; പ്രതീക്ഷയോടെ താരം

“ചൈനീസ് കമ്പനികള്‍ ഐപിഎല്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അവര്‍ ആ പണം ചൈനയിലേക്ക് കൊണ്ടു പോകും. ആ പണം ഇവിടെ നില്‍ക്കുകയാണെങ്കില്‍ നമ്മള്‍ അതില്‍ സന്തോഷിക്കണം. ഞങ്ങള്‍ നമ്മുടെ സര്‍ക്കാരിനെ ആ പണം ഉപയോഗിച്ച് പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്,” ധുമാല്‍ പറഞ്ഞു.

“ഞാന്‍ ഒരു ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാനുള്ള കരാര്‍ ചൈനീസ് കമ്പനിക്ക് നല്‍കുകയാണെങ്കില്‍ ഞാന്‍ ചൈനീസ് സമ്പദ് വ്യവസ്ഥയെ സഹായിക്കുകയാണെന്നും ധുമാല്‍ പറഞ്ഞു. ഇന്ത്യയുടെ ക്രിക്കറ്റിനെ പിന്തുണയ്ക്കാന്‍ ചൈനീസ് പണം വരികയാണെങ്കില്‍ നമ്മള്‍ അത് അംഗീകരിക്കണം. ഒരു വ്യക്തിയെന്ന നിലയില്‍ ചൈനീസ് ഉല്‍പന്നങ്ങളെ നിരോധിക്കുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു,” അദ്ദേഹം പറഞ്ഞു.

Read in English: Chinese sponsorship in IPL helping Indian economy, not other way round: BCCI treasurer

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook