മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രധാന പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള പരിശീലകനായ അനില്‍ കുംബ്ലെയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. ബിസിസിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതിയിലെ ഒരംഗം നിയമന പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കർ, മുന്‍ നായകന്‍ സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ പരിശീകലന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അര്‍ഹരായവര്‍ ഈ മാസം 31ന് മുമ്പായി ഇ-മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാണ് ബിസിസിഐ നിർദ്ദേശം.

അതേസമയം അനിൽ കുംബ്ലെ തുടരുന്നതിൽ ബിസിസിഐക്ക് താൽപര്യമില്ലെന്ന് അഭ്യൂഹങ്ങളുണ്ട്. ബിസിസിഐ-ഐസിസി തര്‍ക്കത്തില്‍ കുംബ്ലെ നടത്തിയ ചില പരാമര്‍ശങ്ങളാണ് താരത്തിനെതിരെ നീങ്ങാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത് എന്നാണ് സൂചനകൾ. കുംബ്ലെയ്ക്കും ഇനി ടീം ഇന്ത്യയുടെ കോച്ചാകണമെങ്കില്‍ പഴയ നടപടി ക്രമങ്ങള്‍ ആവര്‍ത്തിക്കണമെന്ന് പ്രത്യേകം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ ബിസിസിഐ പറയുന്നത്. കുംബ്ലെ പരിശീലകനായി തുടരുന്നതിൽ ബിസിസിഐക്ക് താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും ആവശ്യപ്പെടാവുന്നതേയുളളു എന്നിരിക്കെ പുതിയ അപേക്ഷ ക്ഷണിച്ചത് അഭ്യൂഹങ്ങൾ ശരിവെക്കുന്നുണ്ടെന്നാണ് ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികളുടെ അഭിപ്രായം

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ