Latest News

ഐപിഎല്‍ പടിവാതില്‍ക്കല്‍; കോവിഡിനെ തോല്‍പ്പിക്കാന്‍ ബിസിസിഐയുടെ ‘യോര്‍ക്കര്‍’

ഐപിഎല്ലുമായി ബന്ധപ്പെട്ട് 36 പേര്‍ക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ താരങ്ങള്‍ക്കിടയിലെ കോവിഡ് വ്യാപനം ബിസിസിഐക്കു തലവേദനയാകുകയാണ്. കളിക്കാരും സ്റ്റാഫ് അംഗങ്ങളും പങ്കെടുക്കുന്ന ടീമുടമകളെല്ലാം ബയോ ബബിളില്‍ ആയിട്ടും രോഗപ്പടര്‍ച്ച തടയാനാകുന്നില്ല. ഈ സാഹചര്യത്തില്‍ കടുത്ത മാനദണ്ഡങ്ങളുമായാണ് ബിസിസിഐ രംഗത്ത് എത്തിയിരിക്കുന്നത്.

ഐപിഎല്ലിന് മാത്രമായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകള്‍, ദിവസേന കോവിഡ് പരിശോധന, ബയോ ബബിള്‍ ലംഘനം നടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നീളുന്നു നടപടികള്‍. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇതുവരെ 36 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

വെല്ലുവിളികള്‍

യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ കോവിഡിനെ മികച്ച രീതിയില്‍ മറികടക്കാന്‍ ബിസിസിഐക്കായിരുന്നു. പ്രധാനമായും മൂന്ന് വേദികളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് സ്റ്റേഡിയങ്ങളും തമ്മില്‍ ദൂരം കുറവായിരുന്നതിനാല്‍ റോഡ് മാര്‍ഗമായിരുന്നു താരങ്ങളുടെ യാത്രകള്‍. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അൽപം കടുപ്പമാണ്.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ചെന്നൈ എന്നിവടങ്ങളില്‍ അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. വേദികള്‍ തമ്മിലുള്ള ദൂരവും കൂടുതലാണ്. അതിനാല്‍ വിമാനമാര്‍ഗമായിരിക്കും യാത്രകള്‍. തുടരെയുള്ള യാത്രകള്‍ കോവിഡ് വ്യാപന സാധ്യതയെ വര്‍ധിപ്പിക്കും.

ഡല്‍ഹിയിലും മുംബൈയിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഐപിഎല്ലിനെ കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് മൂന്ന് വേദികളിലെ സംസ്ഥാനങ്ങളിലും പുതിയ കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക നിര്‍ദേശങ്ങളും നടപടികളും

ഐപിഎല്ലിനായി പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകള്‍ വിമാനത്താവളങ്ങളില്‍ ഒരുക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് ബിസിസിഐ. താരങ്ങള്‍ക്കിടയില്‍ കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് തീരുമാനത്തിന് പിന്നിലെ കാരണം. ബയോ ബബിള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാഫ് അംഗം കിരണ്‍ മോറെയ്ക്ക് കോവിഡ് നെഗറ്റീവ് ആയിരുന്നു ചെന്നൈയിലേക്കു തിരിക്കുന്നതിന് മുമ്പ്. എന്നാല്‍ ചെന്നൈലെത്തിയശേഷം പോസിറ്റീവ് ആയി. യാത്രാമധ്യേ കോവിഡ് പിടിപെട്ടുവെന്നാണ് പ്രാഥമിക നിഗമനം.

കൂടുതല്‍ പേരിലേക്കു രോഗം പടരുന്നത് തടയാന്‍ എല്ലാ ദിവസവും ടീമുകള്‍ക്ക് പരിശോധന നടത്തും. ബയോ ബബിള്‍ ഉറപ്പിക്കാനായി പ്രത്യേക ഉദ്യോഗസ്ഥന്റെ സാന്നിധ്യവും ടീമിനൊപ്പം ഉണ്ടാകും. മാസ്ക് ധരിക്കാതെ മുറിക്കു പുറത്തേക്കോ പൊതു ഇടങ്ങളിലേക്കോ പോകാന്‍ താരങ്ങള്‍ക്ക് അനുവാദമില്ല. ടീമുകളുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ ബ്ലൂടൂത്ത് ട്രാക്കിങ് ഉപകരണവും ഉപയോഗിക്കും. എന്നാല്‍ അത്തരത്തിലൊരു ഉപകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നാല് ടീമുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറ‍ഞ്ഞു.

കോവിഡിന് ‘അവസരമില്ല’

പ്രോട്ടോക്കോള്‍ അനുസരിച്ച് കോവിഡ് പോസിറ്റീവായ വ്യക്തിയുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായാല്‍ നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. അല്ലാത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്കു പരിശോധിച്ച് രണ്ട് തവണ നെഗറ്റീവായ ശേഷം പരിശീലനത്തിനിറങ്ങാം. മുംബൈ ഇന്ത്യന്‍സ് പരിശീലനത്തിനിറങ്ങിയത് പ്രസ്തുത മാനദണ്ഡപ്രകാരമാണ്.

Web Title: Bcci has taken action to prevent covid spread among players

Next Story
യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബയേണിന് ‘എംബാപെ’ ഷോക്ക്, പോര്‍ട്ടോയെ ചെല്‍സി കീഴടക്കിUEFA Champions League, യുവേഫ ചാമ്പ്യന്‍സ് ലീഗ്, UEFA Champions league results, UEFA champions league news, PSG vs Bayern Munich, പിഎസ്ജി - ബയേണ്‍, Kylian Mbappe, കെയിലിയന്‍ എംബാപെ, Neymar, നെയ്മര്‍, Chelsea vs Porto, Mbappe goal video, indian express sports, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com