ന്യൂഡല്‍ഹി: ഓണ്‍ ഫീല്‍ഡ് അംപയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡിആര്‍എസ്) ഐപിഎല്‍ മൽസരങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ. 2018ലെ 11-ാം എഡിഷന്‍ ഐപിഎല്‍ സീസണ്‍ മുതല്‍ ഡിആര്‍എസ് സിസ്റ്റം നടപ്പിലാക്കാന്‍ ബിസിസിഐ പച്ചക്കൊടി കാണിച്ചു. വര്‍ഷങ്ങളായി ഐപിഎല്ലില്‍ ഡിആര്‍എസ് നടപ്പിലാക്കുന്നതിനോട് ബിസിസിഐ പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു.
എല്ലാ മികച്ച സാങ്കേതിക വിദ്യകളും ക്രിക്കറ്റിനായി ഉപയോഗിക്കുമ്പോള്‍ ഡിആര്‍എസ് മാത്രമെന്തിന് വേണ്ടെന്ന് വയ്ക്കണമെന്ന് ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പ്രതികരിച്ചു. 2016ല്‍ ഇംഗ്ലണ്ടിനെതിരായ മൽസരത്തിന് മുന്നോടിയായാണ് ഇന്ത്യ ഡിആര്‍എസ് ഉപയോഗിച്ച് തുടങ്ങിയത്.
ഐപിഎല്‍ കൂടി കണക്കിലെടുത്ത് ഡിസംബറില്‍ 10 ആഭ്യന്തര അംബയര്‍മാരെ ബിസിസിഐ തിരഞ്ഞെടുത്തിട്ടുണ്ട്. ഡിആര്‍എസ് പരിശോധനയ്ക്ക് വേണ്ടിയാണ് ഇത്രയും അംപയര്‍മാരെ തിരഞ്ഞെടുത്തത്. ഡിന്നിസ് ബേണ്‍സ് ആണ് ഇവരെ പരിശീലിപ്പിക്കുന്നത്.