കൊൽക്കത്ത: ഇന്ത്യയുടെ സീനിയർ ബാറ്റർ വിരാട് കോഹ്ലിക്കും വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനും പത്ത് ദിവസത്തെ വിശ്രമം അനുവദിച്ച് ബിസിസിഐ. ഇരുവരും ഇന്ന് രാവിലെ ഇന്ത്യൻ ടീമിന്റെ ബയോ ബബിളിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. വെസ്റ്റ് ഇൻഡീസിനെതിരെ നാളെ നടക്കുന്ന അവസാന ടി20 മത്സരത്തിന് കോഹ്ലിയും പന്തും ഉണ്ടാവില്ല.
ശ്രീലങ്കക്കെതിരെ ഫെബ്രുവരി 24ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും കോഹ്ലിയും പന്തും കളിക്കില്ല. ഫെബ്രുവരി 26 നും 27നും ആയാണ് പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങൾ. എന്നാൽ മൊഹാലിയിലും ബാംഗ്ലൂരിലുമായി മാർച്ചിൽ നടക്കുന്ന രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കായി ഇരുവരും ടീമിൽ മടങ്ങിയെത്തും.
മായങ്ക് അഗർവാൾ, ആർ അശ്വിൻ, ഹനുമ വിഹാരി തുടങ്ങിയ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളും കോഹ്ലിക്കും പന്തിനുമൊപ്പം മാസാവസാനം ചണ്ഡീഗഡിൽ ബബിളിൽ പ്രവേശിക്കും.
മൊഹാലിയിലെ മത്സരം കോഹ്ലിയുടെ 100-ാം ടെസ്റ്റ് ആയിരിക്കും, അതുകൊണ്ട് തന്നെ മത്സരത്തിന് കോഹ്ലി പൂർണമായും ഫിറ്റ് ആയിരിക്കണമെന്നാണ് ബിസിസിഐയുടെ ആഗ്രഹം.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ മുതൽ മിക്ക മത്സരങ്ങളും കോഹ്ലിയും പന്തും കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക പര്യടനത്തിന് ശേഷം രണ്ട് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും രണ്ട് ടി20 ഇന്റർനാഷണലുകളും കോഹ്ലി ഇതുവരെ കളിച്ചിട്ടുണ്ട്. പുറംവേദന കാരണം ഒരു ടെസ്റ്റ് മത്സരം നഷ്ടമായ അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ മൂന്നാം ടെസ്റ്റ് മുതൽ എല്ലാ മത്സരങ്ങളും കളിച്ചു.
പന്ത് മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും രണ്ട് ടി20 ഇന്റർനാഷണലുകളും കളിച്ചു, ബബിളിൽ തുടർച്ചയായി കളിക്കുന്നത് അത്ര എളുപ്പമല്ലെന്ന് വെള്ളിയാഴ്ച മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ശേഷം പന്ത് പറഞ്ഞിരുന്നു.
കുറെയേറെ നാളുകളായി ഫോമിന്റെ പേരിൽ വിമർശനം നേരിടുന്ന കോഹ്ലി, ഇന്നലെ നടന്ന രണ്ടാം ടി20 മത്സരത്തിൽ അർദ്ധ സെഞ്ചുറി കുറിച്ച് വിമർശകർക്ക് മറുപടി നൽകിയിരുന്നു. പന്തും 28 പന്തിൽ നിന്ന് 52 റൺസ് നേടി, അർധ സെഞ്ചുറി കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങുന്നത്. അതേസമയം, ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. രാഹുലിന്റെയും പന്തിന്റെയു അഭാവത്തിൽ ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റനാകാനാണ് സാധ്യത. എന്നാൽ ബിസിസിഐ ചിലപ്പോൾ ആരുടെ പേരും പറഞ്ഞേക്കില്ല.
Also Read: India vs West Indies 2nd T20I Score: വിൻഡീസിനെതിരെ എട്ട് റൺസ് ജയം; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ