ന്യൂഡൽഹി: ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടത്താൻ കേന്ദ്ര കായിക മന്ത്രാലയത്തിനോട് ബിസിസിഐ അഭിപ്രായം തേടി. ഉത്തേജക മരുന്ന് സമിതിയുടെ പരിശോധനകളുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡിനെ അറിയിച്ച കൂട്ടത്തിലാണ് ബിസിസിഐ സംഘം ഇന്ന് ഈ കാര്യവും അറിയിച്ചത്.

ലോക ഉത്തേജക മരുന്ന് പരിശോധന സമിതിയുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ബിസിസിഐ താരങ്ങളുള്ളതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ, നാഡയുടെ ആവശ്യം തള്ളിയത്. റാത്തോഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിസംബർ ഒൻപതിന് നടക്കുന്ന ബിസിസിഐ ജനറൽ കൗൺസിലിൽ ഈ കാര്യം ചർച്ചയ്ക്ക് എടുക്കാനും തീരുമാനിച്ചു.

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരവുമായുള്ള ചോദ്യത്തിന് ഒരു ഉന്നത ബിസിഐ ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഇങ്ങിനെ. “ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കായിക മന്ത്രാലയം അല്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ട മറ്റ് രണ്ട് പേർ. കായിക മന്ത്രാലയത്തിന്റെ നിലപാടറിഞ്ഞ ശേഷം മറ്റുള്ളവരെ ബന്ധപ്പെടും”, അദ്ദേഹം പറഞ്ഞു.

2013-13 ഇന്ത്യ ആതിഥേയത്വം വഹിച്ച മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ട്വന്റി ട്വന്റി മത്സര പരിമ്പരയ്ക്കും ശേഷം ഇതേവരെ ഇരുരാജ്യങ്ങളും ക്രിക്കറ്റ് മൈതാനത്ത് നേർക്കുനേർ ഏറ്റുമുട്ടിയിട്ടില്ല. അന്ന് ട്വന്റി ട്വന്റി സീരീസ് സമനിലയിലായപ്പോൾ ഏകദിന പരമ്പര പാക്കിസ്ഥാൻ 2-1 ന് ജയിച്ചിരുന്നു.

ഐസിസിയുടെ പുതിയ ചാംപ്യൻസ് ട്രോഫി ടെസ്റ്റ് മത്സര നിബന്ധനകൾ പ്രകാരം എല്ലാ അംഗ രാജ്യങ്ങളും തങ്ങളുടെ മൈതാനത്തും മറ്റ് അംഗരാജ്യങ്ങളുമായും മത്സരം കളിച്ചിരിക്കണം. കളിക്കാൻ വിസമ്മതിക്കുന്ന രാജ്യത്തിന് പോയിന്റ് നഷ്ടപ്പെടും. ഈ നിബന്ധന പ്രകാരം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളെങ്കിലും ഇരുരാജ്യങ്ങളും കളിച്ചിരിക്കണം.

2015 നും 2023 നും ഇടയിൽ ആറ് പരമ്പരകൾ കളിക്കാൻ നേരത്തേ ബിസിസിഐയും പിസിബിയും തീരുമാനിച്ചിരുന്നു. എന്നാൽ 2015 ൽ പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറി. ഇതേ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് നോട്ടീസ് അയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ