മുംബൈ: ലോകകപ്പിന് ശേഷം രാജ്യത്ത് വനിതാ ക്രിക്കറ്റിന് ലഭിച്ചു വരുന്ന സ്വീകാര്യതയെ കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ബിസിസിഐ. വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന്റെ ഭാഗമാക്കി വനിതാ ക്രിക്കറ്റിനേയും മാറ്റനാണ് ശ്രമം. ഐപിഎല്ലിലെ നോക്കൗട്ട് സ്‌റ്റേജ് മൽസരങ്ങള്‍ക്കിടെ വനതികളുടെ പ്രദര്‍ശന മൽസരം നടത്താന്‍ ബിസിസിഐ തീരുമാനിച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് റായ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കിയതോടെ രാജ്യത്തെ വനിതാ ക്രിക്കറ്റിനെ തേടി എത്തിയത് മികച്ച അവസരമാണ്. ‘കുറച്ച് പ്രദര്‍ശന മൽസരങ്ങള്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. ബിസിസിഐ മൽസരങ്ങള്‍ നടത്താന്‍ തയ്യാറാണ്. ഐപിഎല്‍ കളിക്കാനുള്ള അവകാശം വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുണ്ട്’ റായ് പറയുന്നു.

നിലവിലുള്ള ആശങ്കകള്‍ കൂടി നീങ്ങിയാല്‍ വനിതകളുടെ പ്രദര്‍ശന മൽസരം നടക്കും. അങ്ങനെയെങ്കില്‍ അത് വനിതാ ക്രിക്കറ്റിന് വലിയ പ്രചോദനവും വനിതകളുടെ ഐപിഎല്‍ എന്ന ആരാധകരുടേയും താരങ്ങളുടേയും ആഗ്രഹത്തിലേക്കുള്ള ചുവടുവയ്പുമാകും.

കഴിഞ്ഞ വര്‍ഷം നടന്ന വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിയ മിതാലിയുടേയും സംഘത്തിന്റേയും കുതിപ്പാണ് വനിതാ ഐപിഎല്‍ എന്ന ചിന്തയ്ക്ക് തുടക്കം കുറിച്ചത്. നേരത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറും മുതിര്‍ന്ന താരവുമായ ഗൗതം ഗംഭീറടക്കമുള്ളവര്‍ വനിതാ ഐപിഎല്‍ എന്ന ആശയവുമായി മുന്നോട്ട് വന്നിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സിലും ഇതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ടൂര്‍ണ്ണമെന്റ് നടത്തണമെങ്കില്‍ ഒരുപാട് മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ സാധ്യമാണെങ്കില്‍ വനിതാ ഐപിഎല്‍ നടക്കുമെന്നും സിഒഎ അംഗമായ ഡയാന എഡുല്‍ജി പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായികയായ ഡയാന വനിതാ ഐപിഎല്ലിന് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടെസ്റ്റ് പദവിയുള്ള ടീമുകളിലെ വനിതാ താരങ്ങള്‍ പ്രദര്‍ശന മൽസരങ്ങളില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നീക്കത്തിന് ബിസിസിഐയുടെ ഭാഗത്തു നിന്നും ഐപിഎല്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നും പച്ചക്കൊടി കണ്ടാല്‍ ബിഗ് ബാഷ് ലീഗിലേതിന് സമാനമായ വനിതകളുടെ ലീഗിന് ഇന്ത്യ സാക്ഷ്യം വഹിക്കും. പുരുഷന്മാരുടേയും വനിതകളുടേയും മൽസരങ്ങള്‍ ഒരേ സമയം നടത്തി ബിഗ് ബാഷ് ലീഗ് വിജയിപ്പിച്ച് കാണിച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ