ന്യൂഡൽഹി: ചാംപ്യൻസ് ട്രോഫി മൽസരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അയയ്ക്കാൻ ബിസിസിഐ തീരുമാനം. ഇന്നു ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനമായത്. നാളെ ടീമിനെ പ്രഖ്യാപിക്കും. സൗരവി ഗാംഗുലി, സി.കെ.ഖന്ന, അമിതാഭ് ചൗധരി, രാജീവ് ശുക്ല ഉൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുത്തു.

ഐസിസിയുമായുളള വരുമാനത്തർക്കത്തിന്റെ പേരിൽ ലണ്ടനിൽ നടക്കുന്ന ടൂർണമെന്റ് ബഹിഷ്കരിക്കാനായിരുന്നു ബിസിസിഐ നീക്കം. ഏപ്രിൽ 25 നായിരുന്നു ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇന്ത്യ ഒഴികെയുളള മറ്റു രാജ്യങ്ങളെല്ലാം ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയ്ക്കു കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഇന്നു യോഗം ചേർന്ന് ടീമിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ജൂൺ ഒന്നു മുതൽ 18 വരെയാണ് ടൂർണമെന്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ