ബാംഗ്ലൂർ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയെ ഭീണിപ്പെടുത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകൻ ബോറിയ മജൂംദാറിന് ബിസിസിഐ രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. മത്സരങ്ങൾക്ക് മീഡിയ അക്രഡിറ്റേഷന്‍ അനുവദിക്കുന്നത്, താരങ്ങളുടെ അഭിമുഖം നടത്തുന്നത്, രാജ്യത്തെ വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് വിലക്ക്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഏർപ്പെടുത്തിയ മൂന്നംഗ സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ബിസിസിഐ തീരുമാനം.
ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുണ്‍ സിംഗ് ധുമാല്‍, ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം പ്രഭ്‌തേജ് സിംഗ് ഭാട്ടിയ എന്നിവരുള്‍പ്പെടുന്ന മുന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ആഗോള മത്സരങ്ങളിൽ ബോറിയയെ വിളക്കുന്നതിനായി ഐസിസിക്കും കത്ത് നൽകുമെന്ന് ബിസിസിഐ അറിയിച്ചു.
അഭിമുഖം അനുവദിക്കാത്തതിന് സാഹയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ബോറിയ വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നു. സാഹ ഇതിന്റെ സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തെത്തിയത്. മുൻ താരങ്ങൾ ഉൾപ്പെടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം സാഹയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തുടർന്നാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അന്വേഷണത്തിന് ഉത്തരവിട്ടത്.
ബോറിയയുടെയും സഹയുടെയും ഭാഗം കേട്ട ശേഷം ബോറിയ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സമിതി വിലക്കേർപ്പെടുത്താൻ ശുപാർശ ചെയ്തത്. സാഹ ചാറ്റുകൾ വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും സ്ക്രീൻഷോട്ടുകൾ വ്യാജമാണെന്നും ബോറിയ പറഞ്ഞിരുന്നു.
Also Read: തിരിച്ചടികളില്‍ കോഹ്ലി ചെയ്യേണ്ടത് എന്ത്? എബി ഡീവില്ലിയേഴ്സ് പറയുന്നു