ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് എത്തുന്ന താരങ്ങള്‍ക്കുള്ള പ്രധാന വെല്ലുവിളിയാണ് യോ യോ ടെസ്റ്റ്. എല്ലാ താരങ്ങളും ഈ ടെസ്റ്റ് പാസായിരിക്കണമെന്നാണ് നിയമം. കൃത്യമായ ഇടവേളകളില്‍ ടെസ്റ്റ് നടത്താറുണ്ട്. ഇപ്പോഴിതാ വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയും യോ യോ ടെസ്റ്റ് നടത്താനിരിക്കുകയാണ് ബിസിസിഐ. നായകന്‍ വിരാട് കോഹ്ലിയോടും ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സെപ്റ്റംബര്‍ 28-നാണ് യോ യോ ടെസ്റ്റ് നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നവഭാരത് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു ശേഷമാകും സെലക്ടര്‍മാര്‍ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ പുറം വേദന അലട്ടിയിരുന്നതിനാലാണ് ഇന്ത്യന്‍ നായകന് ഏഷ്യാ കപ്പില്‍ ബി.സി.സി.ഐ വിശ്രമം അനുവദിച്ചിരുന്നത്. നേരത്തെ ടീമില്‍ ഇടം നേടാന്‍ ബി.സി.സി.ഐ താരങ്ങള്‍ക്ക് യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. 16.1 പോയിന്റാണ് യോ യോ ടെസ്റ്റ് പാസാകാന്‍ ഒരു ഇന്ത്യന്‍ താരം നേടേണ്ടത്.

അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനം ഓപ്പണര്‍ ശിഖര്‍ ധവാന്റെ സ്ഥാനം നഷ്ടപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പകരം പുതുമുഖം മയങ്ക് അഗര്‍വാളിന് അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകല്‍. പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രഖ്യാപനം നീട്ടിവെച്ചു.

ഒക്ടോബര്‍ നാലിനാണ് വിന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. അതേസമയം ഇന്ത്യന്‍ താരങ്ങളായ ഇഷാന്ത് ശര്‍മയും രവിചന്ദ്രന്‍ അശ്വിനും കായികക്ഷമതാ പരിശോധനയില്‍ പങ്കെടുക്കണമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. 29-നാണ് പരിശോധന നടക്കുക. ഇതില്‍ വിജയിച്ചാല്‍ മാത്രമേ ഇരുവര്‍ക്കും ടീമില്‍ സ്ഥാനം ഉറപ്പിക്കാനാകൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ