ന്യൂഡൽഹി: അതിർത്തിയിൽ ഇരു സൈന്യവും തമ്മിലുളള സംഘർഷം അങ്ങേയറ്റം മൂർച്ഛിച്ച സാഹചര്യത്തിൽ നിർത്തിവച്ചതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് മത്സരങ്ങൾ. ഇരു രാജ്യങ്ങളും ക്രിക്കറ്റ് മത്സരം കളിക്കുമ്പോൾ അതിന് ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണം ഏറെ വലുതാണ്.

ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ-പാക് പോരാട്ടമാണ് ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണുന്ന മത്സരം. എന്നാൽ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളും അതിർത്തി സംഘർഷങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടായപ്പോഴെല്ലാം പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു.

ഇപ്പോഴിതാ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് മത്സരം ഇനിയും നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് നേരത്തെ തന്നെ ബിസിസിഐ ആരാഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതിൽ വ്യക്തത വരുത്തണമെന്നാണ് ബിസിസിഐ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആറ് വർഷം മുൻപുണ്ടായ അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് മത്സരങ്ങൾക്കും വിലക്ക് വീണത്. രണ്ട് രാജ്യത്തിനുമിടയിൽ ഇതിന് ശേഷം ഒരൊറ്റ മത്സരം പോലും ലോകകപ്പിലൊഴികെ കളിച്ചിട്ടില്ല.

2014 ൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചിരുന്നു. മുന്നറിയിപ്പില്ലാതെയുളള ഈ പിന്മാറ്റത്തിന് പകരമായി ലോകത്തിലെ ഏറ്റവും ധനികരായ ക്രിക്കറ്റ് മേൽനോട്ട സമതിയായ ബിസിസിഐയോട് 70 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടത്.

ഐസിസിയുടെ തർക്ക പരിഹാര ഫോറത്തിൽ ഇക്കാര്യത്തിൽ ബിസിസിഐ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലും ബിസിസിഐക്ക് നിലപാടെടുക്കാൻ സാധിച്ചിട്ടില്ല. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുളള ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ബിസിസിഐ പിന്മാറിയത്. ഇപ്പോഴുയർന്നിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

ഐസിസിയുടെ തർക്ക പരിഹാര ഫോറത്തിൽ അഭിപ്രായം പറയേണ്ട തീയ്യതിക്ക് മുൻപ് ഈ വിഷയത്തിലെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കേന്ദ്ര കായിക മന്ത്രാലയവുമാണ് ഇക്കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കേണ്ടത്.

എന്നാലിത് സാധാരണ നടപടി ക്രമം മാത്രമാണെന്നാണ് ബിസിസിഐ യിലെ ഉന്നത ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞത്. “ഉഭയകക്ഷി മത്സരങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് അഭിപ്രായം ചോദിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. അത് ഞങ്ങൾ ചോദിക്കുന്നു. അത്ര മാത്രമേയുളളൂ,” അദ്ദേഹം പറഞ്ഞു.

ഐസിസി ആസ്ഥാനത്ത് ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള തർക്കത്തിൽ ഐസിസി തർക്ക പരിഹാര ഫോറം വാദം കേൾക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook