ചെന്നൈ: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും പൂർണമായും മുക്തമായിട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ് ലോകം. കായിക രംഗവും ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. എന്നാൽ മത്സരങ്ങൾ പലതും അടച്ചിട്ട വേദികളിലാണ് സംഘടിപ്പിക്കുന്നത്. ഇത് തങ്ങളുടെ പ്രിയപ്പെട്ട കായിക വിനോദങ്ങൾ നേരിട്ട് കണ്ടാസ്വദിക്കുന്നതിൽ നിന്ന് ആരാധകരെ തടയുന്നതാണ്. ഐപിഎൽ എടക്കമുള്ള ലീഗുകളെല്ലാം തന്നെ കാണികളില്ലാത്ത വേദികളിലാണ് നടന്നത്. എന്നാൽ ഇപ്പോഴിത കോവിഡ് വ്യാപനത്തിന് ശേഷം ബിസിസിഐ ആദ്യമായി മൈതാനങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നു.

ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബിസിസിഐയുടെ സുപ്രധാന തീരുമാനം. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ സ്റ്റേഡിയത്തിലേക്ക് 50 ശതമാനം കാണികൾക്ക് ബിസിസിഐ അനുമതി നൽകി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം ചെന്നൈയിൽ തന്നെ നടക്കുന്ന ആദ്യ മത്സരം അടച്ചിട്ട വേദിയിലായിരിക്കും സംഘടിപ്പിക്കുക.

Also Read: ‘ഭാവിയിലെ ഇതിഹാസ താരം’; ഇന്ത്യൻ യുവതാരത്തെ പുകഴ്‌ത്തി ബ്രാഡ് ഹോഗ്

രണ്ടാം ടെസ്റ്റിൽ കാണികൾക്ക് പ്രവേശനം അനുവദിക്കാമെന്ന് ബിസിസിഐ സ്ഥിരീകരിച്ചതായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആർഎസ് രാമസ്വാമി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ സ്റ്റേഡിയത്തിന്റെ ആകെ കപ്പാസിറ്റി 38000 ആണ്. അങ്ങനെയെങ്കിൽ 12000 മുതൽ 15000 വരെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ കരുതുന്നു. പവലിയനിലും ടെറസ് സ്റ്റാൻഡിലും ഇരിക്കാൻ അനുമതി നൽകില്ല. താരങ്ങളുമായി അടുത്ത് നിൽക്കുന്ന സ്ഥലമാണിത്.

Also Read: ഒന്നു തുണിയുടുക്കാനും സമ്മതിക്കില്ലേ.., ഫീൽഡർ ജഴ്‌സി മാറുന്നതിനിടെ ബൗണ്ടറി, വീഡിയോ

പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം കാണാനും ആരാധകർക്ക് അനുമതി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 24 മുതൽ 28 വരെ അഹമ്മദാബാദിലെ നവീകരിച്ച മെട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഇവിടേയ്ക്ക് കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് സ്ഥിരീകരിച്ച ശേഷം ഇന്ത്യയിൽ ആദ്യമായാണ് ബിസിസിഐ സ്റ്റേഡയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങുന്നത്. 2019 നവംബറിൽ നടന്ന ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടമാണ് അവസാനമായി കാണികളെ ഉൾക്കൊള്ളിച്ച് ഇന്ത്യയിൽ നടന്ന മത്സരം.

Also Read: ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഏതെങ്കിലും ടെസ്റ്റ് വിജയിക്കുമെന്ന് കരുതുന്നില്ല: ഗംഭീർ

ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. ചെന്നൈയിൽ നടക്കുന്ന ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അഹമ്മദാബദിൽ തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല.

നവീകരിച്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook