ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് അംഗീകാരം നൽകി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ബിസിസിഐയുടെ 89-ാമത് വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ പ്രധാന ചർച്ചയായത് ഐപിഎൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യമായിരുന്നു. 2022 മുതൽ ഐപിഎല്ലിൽ 10 ടീമുകളെ ഉൾപ്പെടുത്തുന്നതിന് യോഗം അംഗീകാരം നൽകി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ രണ്ട് ടീമുകളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അംഗങ്ങൾ ചർച്ചചെയ്തു. 10,000 പേർക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമുള്ള നഗരം എന്നറിയപ്പെടുന്ന അഹമ്മദാബാദിൽ നിന്നാവും ഒരു ടീം എന്ന കാര്യം ഉറപ്പാണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. മോട്ടേരയിലാണ് ഈ സ്റ്റേഡിയം.
Read More: ഇന്ത്യൻ ടീമിൽ നടരാജന് ഇല്ലാത്ത സൗകര്യമാണ് കോഹ്ലിക്ക്: സുനിൽ ഗവാസ്കർ
2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ടി 20 ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നതിനുള്ള ഐസിസിയുടെ ശ്രമത്തെ പിന്തുണയ്ക്കാൻ ബിസിസിഐ ബോർഡ് തീരുമാനിച്ചു.
കോവിഡ്-19 കാരണം മത്സരങ്ങൾ ഈ സീസണിൽ വെട്ടിക്കുറച്ചതിന് പകരമായി എല്ലാ ഫസ്റ്റ് ക്ലാസ് കളിക്കാർക്കും ഉചിതമായ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. ജനുവരിയിൽ സയ്യിദ് മുഷ്താഖ് അലി ടി 20 ചാമ്പ്യൻഷിപ്പോടെ ആഭ്യന്തര സീസൺ നടക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയെ ഉത്തരാഖണ്ഡിൽ നിന്നുള്ള മഹിം വർമയ്ക്ക് പകരമായി ബോർഡ് വൈസ് പ്രസിഡന്റായി നിയമിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലി ഐസിസി ബോർഡിൽ ഡയറക്ടറായി തുടരുന്നതിന് അനുകൂലമായി ജനറൽ ബോഡി തീരുമാനിച്ചു. സെക്രട്ടറി ജയ് ഷാ പകരം ഡയറക്ടറും ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളിലെ ഇന്ത്യയുടെ പ്രതിനിധിയുമാവും.