പുതിയ ഓള് ഇന്ത്യ സീനിയര്‍ സെലക്ഷന് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനു മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയെ (സി എ സി) നിയോഗിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി സി സി ഐ). ജതിന് പരഞ്ജപെ, അശോക് മല്‍ഹോത്ര, സുലക്ഷണ നായിക് എന്നിവരടങ്ങുന്നതാണു പുതിയ സമിതി.
ഇന്ത്യയ്ക്കായി ഏഴ് ടെസ്റ്റും 20 ഏകദിനവും കളിച്ച അശോക് മല്‍ഹോത്ര സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്തു. സീനിയര്‍ പുരുഷ ടീം സെലക്ഷന് കമ്മിറ്റി അംഗമായ ജതിന് പരഞ്ജപെ ഇന്ത്യയ്ക്കായി നാല് ഏകദിനം കളിച്ചു.
മുംബൈ സ്വദേശിനിയായ സുലക്ഷണ നായിക് 11 വര്‍ഷത്തെ കരിയറില്‍ ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റും 46 ഏകദിനവും 31 ടി20 മത്സരങ്ങളും കളിച്ചു. 2020 ല്‍ ആര്‍പി സിങ്, മദന്‍ ലാല്‍ എന്നിവരോടൊപ്പം സി ഇ സി അംഗമായി നിയമിക്കപ്പെട്ടിരുന്നു.
ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റതിനെത്തുടര്‍ന്നു ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയെ ബി സി സിഐ പുറത്താക്കിയിരുന്നു. പുതിയ ഓള് ഇന്ത്യ സീനിയര്‍ സെലക്ഷന് കമ്മിറ്റിയെ മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതി ഭാഗവാക്കാകും.