മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള വാര്‍ഷിക വേതന കരാറില്‍ ബിസിസിഐ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. പുരുഷ ടീമംഗങ്ങള്‍ക്ക് എ പ്ലസ് കാറ്റഗറി ഏര്‍പ്പെടുത്തിയതും വനിതാ താരങ്ങള്‍ക്കായി സി കാറ്റഗറി ഏര്‍പ്പെടുത്തിയതുമാണ് പുതിയ മാറ്റങ്ങളില്‍ പ്രധാനം.

ആഭ്യന്തര താരങ്ങളുടെ വേതനത്തിലും വര്‍ധനവ് കൊണ്ടു വന്നിട്ടുണ്ട്. പുതിയ തീരുമാനം പ്രകാരം 19 വനിതാ താരങ്ങളാണ് കരാറിന്റെ ഭാഗമാകുന്നത്. പെട്ടെന്ന് കൈയ്യടിക്കാന്‍ തോന്നുമെങ്കിലും സ്ത്രീ-പുരുഷ വിവേചനത്തിന്റെ നേര്‍സാക്ഷ്യമാണ് പുരുഷ-വനിത താരങ്ങളുമായുള്ള ബിസിസിഐയുടെ കരാര്‍ എന്നതാണ് വസ്തുത.

നിലവില്‍ നാല് കാറ്റഗറിയിലാണ് പുരുഷ താരങ്ങള്‍ക്ക് വേതനം നല്‍കുന്നത്. അതിങ്ങനെയാണ്,

ഗ്രേഡ് എ പ്ലസ് – ഏഴ് കോടി
ഗ്രേഡ് എ – അഞ്ച് കോടി
ഗ്രേഡ് ബി – മൂന്ന് കോടി
ഗ്രേഡ് സി – ഒരു കോടി

അതേസമയം, വനിതാ താരങ്ങള്‍ക്ക് നല്‍കുന്നതാകട്ടെ തുച്ഛമായ തുകയാണ്. അതിങ്ങനെയാണ്,

ഗ്രേഡ് എ – 50 ലക്ഷം
ഗ്രേഡ് ബി – 30 ലക്ഷം
ഗ്രേഡ് സി – പത്ത് ലക്ഷം

താരങ്ങളുടെ വേതനത്തിലെ വിവേചനം പകല്‍ പോലെ വ്യക്തമാണ്. ഏറ്റവും ഉയര്‍ന്ന വേതനം വാങ്ങുന്ന വനിതാ താരത്തിന് ലഭിക്കുന്നത് ഏറ്റവും കുറഞ്ഞ വേതനം വാങ്ങുന്ന പുരഷ താരത്തേക്കാള്‍ പകുതിയാണ് എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത. മിതാലി രാജ്, ജുലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന തുടങ്ങിയവരാണ് എ ഗ്രേഡ് കാറ്റഗറിയില്‍ കളിക്കുന്ന വനിതാ താരങ്ങള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി എ പ്ലസ് കാറ്റഗറിയില്‍ ഏഴ് കോടി വേതനം വാങ്ങുന്ന താരമാണ്.

ബിസിസിഐയുടെ ഈ വിവേചനത്തിനെതിരെ ആരാധകര്‍ക്കിടയില്‍ തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 75 ശതമാനമെങ്കിലും വേതന വര്‍ധനവ് ഇന്ത്യന്‍ വനിതാ താരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകരും മറ്റും പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ