അഫ്ഗാനിസ്ഥാനെതിരായ ചരിത്ര ടെസ്റ്റില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ പുറത്ത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം ക്വാളിഫയര്‍ മൽസരത്തിനിടെ ശിവം മാവിയുടെ പന്ത് നേരിടുന്നതിനെയാണ് സാഹയ്ക്ക് പരുക്കേല്‍ക്കുന്നത്.
ഇത്തവണ ഐപിഎല്ലില്‍ പരുക്കുകള്‍ മൂലം അധികം മൽസരങ്ങള്‍ കളിക്കാന്‍ സാഹയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നിർണായക മൽസരത്തില്‍ പരുക്കേല്‍ക്കുന്നതും. പുറത്തായ സാഹയ്ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ബിസിസിഐ.
ഐപിഎല്ലില്‍ കൊല്‍ക്കത്തയെ പ്ലേ ഓഫ് വരെ എത്തിച്ച നായകന്‍ ദിനേശ് കാര്‍ത്തിക്കാണ് സാഹയ്ക്ക് പകരം ടീമിലെത്തിയത്. സാഹയ്ക്ക് പരുക്കില്‍ നിന്നും മുക്തനാകാന്‍ അഞ്ച് മുതല്‍ ആറ് വരെ ആഴ്‌ചകള്‍ വേണ്ടി വരുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി കാര്‍ത്തിക് അവസാനമായി ടെസ്റ്റ് മൽസരം കളിച്ചത് 2010 ല്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു. തന്റെ കരിയറിന്റെ ഏറ്റവും മികച്ച നിമിഷങ്ങളിലൂടെയാണ് ദിനേശ് കാര്‍ത്തിക് ഇപ്പോള്‍ കടന്നു പോകുന്നത്. നിശ്ചിത ഓവര്‍ മൽസരങ്ങളില്‍ ദേശീയ ടീമിലേക്ക് മടങ്ങി എത്തിയ താരത്തിന് ടെസ്റ്റിലും തിരിച്ചു വരാനുള്ള അവസരമാണിത്.
ടെസ്റ്റ് പദവി ലഭിച്ച ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റാണ് ഇന്ത്യയ്‌ക്കെതിരെ. ഒരു ടെസ്റ്റ് മാത്രമേയുള്ളൂവെങ്കിലും കായിക ലോകം ഏറെ പ്രതീക്ഷയോടെയാണ് കളിയെ കാണുന്നത്. ഏകദിനത്തിലും ട്വന്റി-20യിലും തങ്ങളുടെ കഴിവ് തെളിയിച്ച അഫ്ഗാന്‍ ടെസ്റ്റിലും അതാവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.