scorecardresearch

Latest News

‘നിങ്ങളും ഹീറോസാണ്’; ക്യൂറേറ്റർമാർക്കും ഗ്രൗണ്ട്സ്മാൻമാർക്കും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഇതാദ്യമായാണ് ഗ്രൗണ്ട്സ്മാൻമാർക്ക് ബിസിസിഐ ഇത്രയും വലിയ പാരിതോഷികം നൽകുന്നത്

IPL
Photo: Twitter/IndianPremierLeague

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം സീസണിൽ പിച്ചൊരുക്കിയ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട്സ്മാൻമാർക്കും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 1.25 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. ‘വാഴ്ത്തപ്പെടാത്ത നായകന്മാർ’ എന്ന് അവരെ വിശേഷിപ്പിച്ചു കൊണ്ടാണ് ബിസിസിഐയുടെ സമ്മാനം.

ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസ് കിരീടമുയർത്തിയതോടെ ഐപിഎൽ പതിനഞ്ചാം സീസണിന് തിരശീല വീണിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐയുടെ പ്രഖ്യാപനം.

“ഐപിഎൽ 2022 ൽ ഞങ്ങൾക്ക് മികച്ച മത്സരങ്ങൾ സമ്മാനിച്ചവർക്ക് 1.25 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടരാണ്. ഈ സീസണിലെ ആറ് ഐപിഎൽ വേദികളിലെ ഞങ്ങളുടെ ക്യൂറേറ്റർമാരും ഗ്രൗണ്ട്സ്മാൻമാരും വാഴ്ത്തപ്പെടാത്ത നായകന്മാരാണ്,” ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റിൽ കുറിച്ചു.

“നമ്മൾ ചില അടിപൊളി മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അവരിൽ ഓരോരുത്തരുടെയും കഠിനാധ്വാനത്തിന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. സിസിഐ, വാങ്കഡെ,ഡിവൈ പാട്ടീൽ, എംസിഎ, പൂണെ എന്നിവിടങ്ങളിലേക്ക് 25 ലക്ഷം വീതവും. ഈഡനും നരേന്ദ്ര മോദി സ്റ്റേഡിയത്തിനും 12.5 ലക്ഷം വീതവും നൽകുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാദ്യമായാണ് ഗ്രൗണ്ട്സ്മാൻമാർക്ക് ബിസിസിഐ ഇത്രയും വലിയ പാരിതോഷികം നൽകുന്നത്.

മഹാരാഷ്ട്രയിലെ വാങ്കഡെ സ്റ്റേഡിയം, മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയം, നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം, പൂനെയിലെ ഗഹുഞ്ചെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിങ്ങനെ നാല് വേദികളിലായാണ് ഐപിഎല്ലിന്റെ 70 ലീഗ് മത്സരങ്ങൾ നടന്നത്.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുമായാണ് പ്ലേ ഓഫ് മത്സരങ്ങൾ നടന്നത്.

Also Read: ഇന്ത്യക്ക് വരുംവർഷങ്ങളിൽ ഒരു ക്യാപ്റ്റനെ വേണമെങ്കിൽ ഹർദിക്കിനെ കഴിഞ്ഞേ ആരെയും ചിന്തിക്കൂ: മൈക്കിൾ വോൺ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Bcci announces rs 1 25 crore reward for curators and groundsmen