മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ (ബിബിഎല്‍) മാക്സ്വെല്ലിന്റെ വെടിക്കെട്ട്. 64 പന്തില്‍ താരം 154 റണ്‍സാണ് അടിച്ചുകൂട്ടിയത്. മാക്സ്വെല്ലിന്റെ മികവില്‍ ഹോബാര്‍ട്ട് ഹറിക്കെയിന്സിനെതിരെ മെല്‍ബണ്‍ സ്റ്റാര്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റ് 273 റണ്‍സ് നേടി. ബിബിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ഒരു പിടി റെക്കോര്‍ഡുകളും താരത്തെ തേടിയെത്തി. ബിഗ് ബാഷ് ലീഗില്‍ 150 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ താരമായി വലം കൈയന്‍ ബാറ്റര്‍. 20 പന്തിലായിരുന്നു മാക്സ്വെല് അര്‍ദ്ധ സെഞ്ചുറി നേടിയത്. 41-ാം പന്തില്‍ മൂന്നക്കം കടന്നു. 22 ഫോറുകളും നാല് സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്.
മാക്സ്വെല്ലിനൊപ്പം ബാറ്റ് ചെയ്ത മാര്‍ക്കസ് സ്റ്റോയിനിസിന്റെ പേരിലായിരുന്നു ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (147*) ഇതുവരെ. മാക്സ്വെല്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ സ്റ്റോയിനിസും തന്റേതായ പങ്ക് നിര്‍വഹിച്ചു. 31 പന്തില്‍ 75 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. നാല് ഫോറുകളും ആറ് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
ബിബിഎല്ലിലെ തന്റെ 100-ാം മത്സരത്തിലായിരുന്നു മാക്സ്വെല് സ്വപ്ന തുല്യമായ നേട്ടം കുറിച്ചത്. ചില കാര്യങ്ങള്‍ ശരിയായി സംഭവിച്ചാലെ അത്തരമൊരു ഇന്നിങ്സ് സംഭവിക്കുകയുള്ള. എനിക്ക് വലിയ പിന്തുണ ലഭിച്ചു. ടൂര്‍ണമെന്റ് നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ കഴഞ്ഞതില്‍ സന്തോഷമുണ്ട്, മാക്സ്വെല് പറഞ്ഞു.