വെല്ലിങ്ടണ്‍: വിവാദങ്ങളെ മൈതാനത്തെ പ്രകടനം കൊണ്ട് നേരിടുകയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഇന്നത്തെ കളിയിലെ താരം അമ്പാട്ടി റായിഡുവായിരുന്നുവെങ്കിലും അവസാന ഓവറുകളില്‍ പാണ്ഡ്യയുടെ പവര്‍ ഹിറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇതിനിടെ രസകരമായൊരു സംഭവത്തിനും വെല്ലിങ്ടണ്‍ സാക്ഷ്യം വഹിച്ചു.

ന്യൂസിലാന്റ് എറിഞ്ഞ 49ാമത്തെ ഓവറിലായിരുന്നു സംഭവം. ഡബിളിനായി ഓടുന്നതിനിടെ പാണ്ഡ്യയുടെ കൈയ്യില്‍ നിന്നും ബാറ്റ് നിലത്ത് വീഴുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ക്രീസിലേക്ക് ബാറ്റ് കുത്തുന്നതിനിടെയാണ് കൈയ്യില്‍ നിന്നും പോയത്. ഇതോടെ ബാറ്റ് നിലത്തിട്ട് പാണ്ഡ്യ തിരിച്ചോടി. കിവീസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് ഇത് അമ്പയറുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

റിപ്ലേകളില്‍ നിന്നും ബാറ്റ് ക്രീസിനുള്ളിലേക്ക് കടക്കുമ്പോള്‍ പാണ്ഡ്യയുടെ കൈയ്യുമായി സ്പര്‍ശിച്ചിരുന്നില്ലെന്ന് വ്യക്തമായി. ഇതോടെ ഡബിള്‍ സിംഗിളായി മാറി. ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 252 ന് പകരം 253 ആകുമായിരുന്നു.

ന്യൂസിലാന്റിനെതിരെ പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തിലും 35 റണ്‍സിനാണ് ഇന്ത്യയ്ക്ക് ജയം. ഇന്ത്യയുടേതിന് സമാനമായ രീതില്‍ മുന്‍ നിര കാര്യമായതൊന്നും ചെയ്യാതെ മടങ്ങിയപ്പോള്‍ മധ്യനിരയിലാണ് കിവീസ് പിടിച്ചു നിന്നത്. 44 റണ്‍സ് നേടിയ ജിമ്മി നീഷമാണ് കിവികളുടെ ടോപ്പ് സ്‌കോറര്‍. നായകന്‍ കെയ്ന്‍ വില്യംസണ്‍ 39 റണ്‍സും നേടി. ടോം ലാഥം മധ്യനിരയില്‍ 37 റണ്‍സുമായി ചെറുത്തു നിന്നു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റെടുത്ത ചാഹലാണ് മുന്നില്‍. തുടക്കത്തില്‍ ന്യൂസിലാന്റിന് പ്രഹരമേല്‍പ്പിച്ചത്് മുഹമ്മദ് ഷമിയായിരുന്നു. ഓപ്പണര്‍മാരെ രണ്ടു പേരേയും ഷമിയാണ് പുറത്താക്കിയത്. ബാറ്റിങില്‍ തിളങ്ങിയ പാണ്ഡ്യ രണ്ട് വിക്കറ്റുമായി ബൗളിങിലും തിളങ്ങി. ഭുവനേശ്വറും കേദാറും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ