ഇന്ത്യൻ ക്രിക്കറ്റിൽ ഏറെക്കാലമായി നിലനിൽക്കുന്ന ചോദ്യങ്ങളിലൊന്നാണ് എംഎസ് ധോണിക്ക് ശേഷം ആരെന്നത്. വിക്കറ്റിന് മുന്നിലും പിന്നിലും മുൻ നായകനെ പോലെ തിളങ്ങാൻ സാധിക്കുന്ന താരത്തെ കണ്ടെത്തുക സെലക്ടർമാരെ സംബന്ധിച്ചടുത്തോളം വളരെ പ്രയാസമേറിയ കാര്യമാണ്. യുവതാരം റിഷഭ് പന്താണ് നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി പരിഗണിക്കുന്ന പ്രധാന താരം. ഇതിനോടകം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും രാജ്യാന്തര വേദികളിൽ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ പന്തിനായിട്ടില്ല. അതിനിടയിൽ ധോണിയുമായുള്ള താരതമ്യവും താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നതായാണ് വിലയിരുത്താൽ അതേസമയം ബാറ്റിങ്ങിൽ തന്റെ ഇഷ്ടക്കൂട്ടുകെട്ട് ധോണിയാണെന്നാണ് പന്ത് പറയുന്നത്.
മറുവശത്ത് ധോണിയുണ്ടെങ്കിൽ ബാറ്റിങ് എളുപ്പമാകുമെന്ന് പന്ത് വ്യക്തമാക്കുന്നു. ഇതിനോടകം നിരവധി മത്സരങ്ങളിൽ ധോണിക്കൊപ്പം ബാറ്റ് ചെയ്യാൻ പന്തിന് അവസരം ലഭിച്ചിരുന്നു. തന്റെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കവേയാണ് പന്ത് ഇഷ്ട ബാറ്റിങ് പാട്നറെക്കുറിച്ച വാചാലനായത്.
“മഹി ഭായി(എംഎസ് ധോണി)ക്കൊപ്പം ബാറ്റ് ചെയ്യാൻ എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്, അദ്ദേഹം എന്റെ പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയാണ്, കാരണം മറുവശത്ത് അദ്ദേഹമുണ്ടെങ്കിൽ ബാറ്റിങ് എളുപ്പമാകും. അദ്ദേഹം നിങ്ങൾക്കായി ആസൂത്രണം ചെയ്യും, നിങ്ങൾ അത് പിന്തുടരുക മാത്രം ചെയ്താൽ മതിയാകും. നിങ്ങൾ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല. പ്രത്യേകിച്ച് റൺ ചേസ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ മനസ്സ് പ്രവർത്തിക്കുന്ന രീതി അതിശയകരമാണ്, ”പന്ത് പറഞ്ഞു.
Also Read: വൈറ്റ് ബോളിൽ ഗാംഗുലിയേക്കാൾ മികച്ച നായകൻ ധോണി തന്നെ: ഗംഭീർ
ധോണിക്ക് പുറമെ മറ്റ് ബാറ്റിങ് പങ്കാളികളെക്കുറിച്ചും പന്ത് മനസ് തുറന്നു. വിരാട് കോഹ്‌ലിക്കൊപ്പവും രോഹിത് ശർമയ്ക്കൊപ്പവും ബാറ്റ് ചെയ്യാൻ ഇഷ്ടമാണെന്ന് പറഞ്ഞ പന്ത് മുതിർന്ന താരങ്ങളോടൊപ്പമുള്ള ബാറ്റിങ് വ്യത്യസ്തമായ അനുഭവമാണെന്നും കൂട്ടിച്ചേർത്തു. മറുവശത്ത് നിന്ന് അവരുടെ മനസ് മനസിലാക്കാൻ സാധിക്കും. ഐപിഎല്ലിൽ ശിഖർ ധവാനൊടൊപ്പവും ശ്രേയസ് അയ്യരോടൊപ്പവും ബാറ്റ് ചെയ്യുന്നതും സന്തോഷം നൽകുന്നുവെന്നും പന്ത് പറഞ്ഞു.
Also Read: ധോണിയുമായി ഒത്തുപോകാൻ സാധിക്കാത്ത ഒരാൾ ലോക ക്രിക്കറ്റിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല: സ്മിത്ത്
2017ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു റിഷഭ് പന്തിന്റെ രാജ്യാന്തര അരങ്ങേറ്റം. ഇതിനോടകം 13 ടെസ്റ്റുകളിലും 16 ഏകദിന മത്സരങ്ങളിലും ഇന്ത്യൻ കുപ്പായത്തിൽ കളിച്ച താരം കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിന്റെയും പരുക്കിന്റെയും പിടിയിലായിരുന്നു. അതിനിടെ ടി20യിൽ വിക്കറ്റ് കീപ്പറായി കെഎൽ രാഹുൽ തിളങ്ങിയതും പന്തിന് ക്ഷീണമായി. എന്നാൽ പ്രതിഭയുള്ള താരമെന്ന് മുതിർന്ന താരങ്ങൾ വരെ വിലയിരുത്തുന്ന പന്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാകുമെന്ന പ്രതീക്ഷയും എല്ലാവർക്കുമുണ്ട്.