മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റുകളിലും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പൂര്‍ണ പരാജയമായിരുന്നു. ആദ്യ ടെസ്റ്റിലെ പൂജാരയുടെ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും രണ്ടാം ടെസ്റ്റിലെ കോഹ്ലിയുടെ സെഞ്ചുറിയുമല്ലാതെ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് രണ്ട് കളികളിലും ഓര്‍ക്കാനൊന്നുമില്ല. അതേസമയം, മറുവശത്ത് രണ്ട് ടെസ്റ്റിലും ഓസീസ് ബാറ്റിങ് നിരയെ ഓള് ഔട്ടാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബോളിങ് നിര.
അതുകൊണ്ട് ഇനി ഇത് തുടരാനാകില്ലെന്ന് തന്റെ ബാറ്റ്സ്മാന്മാരോട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്. ബോളര്‍മാരുടെ തലയില്‍ മാത്രം ഉത്തരവാദിത്വം ഇടാനാകില്ലെന്നും ബാറ്റ്സ്മാന്മാര് മുന്നോട്ട് വരണ്ടേത് അത്യാവശ്യമാണെന്നും വിരാട് പറയുന്നു. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു വിരാടിന്റെ പ്രതികരണം.
”ബാറ്റ്സ്മാന്മാര് മുന്നോട്ട് വരേണ്ടത് വളരെ പ്രധാനമാണ്. കാരണം, എല്ലാവരും കാണുന്നതാണ് നമ്മുടെ ബോളിങ് നിര എത്ര നന്നായി കളിക്കുന്നുണ്ടെന്നത്. മാത്രമവുമല്ല, നമ്മള് ഉയർത്തുന്ന ചെറിയ ടോട്ടലുകൊണ്ട് അവർക്കൊന്നും ചെയ്യാനാകുന്നില്ല” വിരാട് പറഞ്ഞു.
”രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍, ലീഡ് നേടാനോ അല്ലെങ്കില്‍ അവരുടെ സ്കോറിന് ഒപ്പമെത്താനോ ശ്രമിക്കണം. വലിയ സ്കോറിലെത്തിയാല്‍ പിന്നെ രണ്ടാം ഇന്നിങ്സിലാണ് എല്ലാം. ബാറ്റ്സ്മാന്മാര് ഒരുമിച്ച് മുന്നോട്ട് വരണം. വ്യക്തിപരമായി ഓരോരുത്തരും എന്തു ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ ഒരു ടീമായി വേണം നന്നായി കളിക്കേണ്ടത്” ഇന്ത്യന്‍ നായകന് വ്യക്തമാക്കി.