അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സും, ബ്രിസ്ബെയ്ന്‍ ഹീറ്റ്സും തമ്മില്‍ നടന്ന ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെ അപൂര്‍വ്വ സംഭവം. ഹീറ്റ്സ് താരം ജെയിംസ് പാറ്റിന്‍സണിന്റെ റണ്‍ ഔട്ട് അപ്പീലിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ലോകത്ത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം അരങ്ങേറിയത്.
ഹീറ്റസ് 92/6 എന്ന വിക്കറ്റ് നിലയില്‍ നില്ക്കുമ്പോള് ജിമ്മി പിയേഴ്സണ്‍ എടുത്ത കട്ട് ഷോട്ടില്‍ ജെയിംസ് പാറ്റിന്സണ് സിംഗിളിനായി ശ്രമിച്ചെങ്കിലും റണ്‍ ഔട്ടായി. ഇതോടെ ഫീല്‍ഡിങ് ടീം അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേഡ് അമ്പയറിന് വിട്ടു. തേഡ് അമ്പയര്‍ ഗ്രെഗ് ഡേവിഡ്സണിന്റെ തീരുമാന പ്രകാരം പാറ്റിന്സണ് ഔട്ടായിരുന്നു.
എന്നാല്‍ റീപ്ലേകളില്‍ പാറ്റിന്‍സണ്‍ന്റെ ബാറ്റ് ക്രീസില്‍ കയറി എന്നത് വ്യക്തമായിരുന്നു. ഇത് ഡഗ്ഗ് ഔട്ടിലിരുന്നിരുന്ന ബ്രിസ്ബെയ്ന്‍ ക്യാപ്റ്റന്‍ ക്രിസ് ലിനിനെ വരെ പ്രകോപിതനാക്കി.
ഈ രംഗങ്ങള്‍ അരങ്ങേറുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ ആശങ്കയിലായിരുന്നു. പിന്നീടാണ് ക്രിക്കറ്റ് ലോകത്ത് സമാനതകളില്ലാത്ത മാന്യതയുടെ മുഖമായി അഡ്ലെയ്ഡ് ടീം മാറിയത്. സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ കോളിന് ഇന്‍ഗ്രാം ടീമംഗങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിച്ച ശേഷം പുറത്താക്കപ്പെട്ട ബാറ്റസ്മാനെ തിരിച്ചു വിളിക്കണമെന്ന് അമ്പയറിനെ അറിയിക്കുകയായിരുന്നു.
തിരിച്ചെത്തിയ പാറ്റിന്സണ് നാലു റണ്‍സ് നേടിയതിന് ശേഷം സ്റ്റംമ്പിങ്ങിലൂടെ ഔട്ടാവുകയായിരുന്നു. പാറ്റിന്‍സണിനെ തിരിച്ചു വിളിക്കാനുള്ള തീരുമാനം സഹതാരമായ ബെന്‍ ലോഫ്ലിങിന്റെതായിരുന്നു എന്നാണ് സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റന്‍ ഇന്‍ഗ്രാം പിന്നീട് പറഞ്ഞത്.
‘ഇത് അപൂര്‍വ്വമായ രംഗമായിരുന്നു. ബെന്‍ ലോഫ്ലിങുമായുള്ള സംഭാഷണത്തില്‍ ബെന്‍ ചോദിച്ചു അപ്പീല്‍ പിന്‍വലിച്ച് പാറ്റിന്‍സണിനെ തിരിച്ചു വിളിച്ചാലോ എന്ന്. ഔട്ട് അല്ലെന്ന് വ്യക്തമായി മനസിലായ സാഹചര്യത്തിലാണ് പാറ്റിന്‍സണിനെ തിരിച്ചു വിളിക്കാന്‍ തീരുമാനമെടുത്തത്’ സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ കോളിന് ഇന്‍ഗ്രാം പറഞ്ഞു.