ലോകം അറിയുന്ന ക്രിക്കറ്റ് കളിക്കരനാകണം എന്ന മോഹമൊന്നും ബേസിൽ തമ്പിക്ക് ഉണ്ടായിരുന്നില്ല. ഗൾഫിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലിയായിരുന്നു ബേസിലിന്റെ സ്വപ്നം.എന്നാൽ വിധി മറിച്ചായിരുന്നു. സ്കൂൾ തലത്തിൽ തമാശയ്ക്ക് ക്രിക്കറ്റ് കളി തുടങ്ങിയ ബേസിൽ കുട്ടിക്രിക്കറ്റിന്റെ ആവേശ ടൂർണ്ണമെന്റായ ഐപിഎല്ലിൽ​​ എത്തിയിരിക്കുകയാണ്. 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ബേസിലിനെ ഗുജറാത്ത് ലയൺസാണ് സ്വന്തമാക്കിയിരിക്കുന്നത്. 10 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ബേസിലിനെ 85 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ലയൺസ് തങ്ങളുടെ പാളയത്തിൽ എത്തിച്ചത്.

സ്കൂളിൽ പടിക്കുമ്പോൾ ജില്ലാ ലീഗിൽ​ കളിക്കുന്ന പെരുമ്പാവൂർ ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് ബേസിൽ കളി തുടങ്ങിയത്. വേഗത്തിൽ പന്തെറിയാൻ ശ്രദ്ധകാണിച്ച ബേസിൽ ബാറ്റ്സ്മാർക്ക് വെല്ലുവിളി ഉയർത്തി. പിന്നീട് എറണാകുളം ജില്ലയുടെ അണ്ടർ 19 ടീമിലേക്കും, കേരള ടീമിലേക്കും എത്തി. 2013 ൽ കേരള സീനിയർ ടീമിനായി ബേസിൽ​ അരങ്ങേറ്റം കുറിച്ചു, ആദ്യ സീസണിൽ 23 മത്സരങ്ങൾ കളിച്ച ബേസിൽ 26 വിക്കറ്റുകളാണ് ബേസിൽ സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിലും കേരളത്തിനായി ബേസിൽ പന്തെറിഞ്ഞു. ടിനു യോഹന്നാന്റെ ഉപദേശങ്ങൾ ബേസിലിന്​ കരുത്തായി.

പേസ് ബോളർമാരെ പരിശീലിപ്പിക്കുന്ന എംആർഎഫ് പേസ് ഫൗണ്ടേഷനിൽ എത്തിയതോടെ ബേസിലിന്റെ പന്തുകൾക്ക് മൂർച്ചയേറി. ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ ശിക്ഷണത്തിൽ ബേസിൽ തന്റെ കരുത്ത് വർധിപ്പിച്ചു. വേഗതയാണ് ബേസിലിന്രെ കരുത്ത് എന്ന് കണ്ടെത്തിയ മഗ്രാത്ത് നിയന്ത്രണത്തോടെ പന്തെറിയാൻ ബേസിലിനെ പരിശീലിപ്പിച്ചു.

പോയവാരം പൂർത്തിയായ സയ്യീദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണ്ണമെന്റ് ബേസിലിനെ ശ്രദ്ധേയനാക്കി. യുവരാജ് സിങ്ങിനെതിരെയും ഗൗതം ഗംഭീറിനെതിരെയും ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ ബേസിൽ കമന്ററേറ്റർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. വേഗതയും കൃത്യതയും ഒരുപോലെ പുറത്ത് എടുക്കുന്ന ബേസിലിനെ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീയോടാണ് ഉപമിച്ചത്.

ഗുജറാത്ത് ലയൺസിന് എതിരെ പന്തെറിയാൻ അവസരം ലഭിച്ചതിന് ബേസിലിന് ദീപക് സി.എം എന്ന വ്യക്തിയോടാണ് കടപ്പാട് ഏറെയും. ഒരുവേള ക്രിക്കറ്റ് കളി അവസാനിപ്പിച്ച ബേസിലിനെ തിരിച്ചുകൊണ്ടുവന്നത് പരിശീലകനായ ദീപക. വലിയൊരു നേട്ടം തന്നെ തേടിയപ്പോൾ എന്നും തനിക്കായി പ്രാർഥിക്കുന്ന അച്ഛൻ തമ്പിയെയും ലിസിയേയും ബേസിൽ മറന്നില്ല. ബെംഗളൂരുവിൽ വച്ച് വാർത്ത അറിഞ്ഞപ്പോൾ തന്നെ ബേസിൽ വീട്ടിൽ വിളിച്ച് സന്തോഷം അറിയിച്ചു.

സഞ്ജു സാംസണും,​ശ്രീശാന്തും ഒക്കെ മികവറിയിച്ച ഐപിഎല്ലിൽ തന്റെ മികവ് തെളിയിക്കുമെന്ന വാശിയിലാണ് ഇപ്പോൾ ബേസിൽ.തന്റെ വജ്രായുധമായ യോർക്കറുകൾകൊണ്ട് ബാറ്റ്സ്മാൻമാരെ വിറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബേസിൽ തമ്പി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook