ഐപിഎല്ലിൽ മലയാളികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മലയാളി താരങ്ങളിൽ പ്രധാനിയാണ് ബേസിൽ തമ്പി. സഞ്ജു സാംസൺ ഇതിനോടകം സീസണിലെ റൺവേട്ടക്കാരിൽ മുൻപന്തിയിലെത്തിയിട്ടുണ്ട്. എന്നാൽ ആദ്യ ആറ് മൽസരങ്ങളിൽ അഞ്ചിലും പുറത്തിരുന്ന ബേസിൽ തമ്പിക്ക് ഇന്നലെയാണ് അവസരം ലഭിച്ചത്.

സൺറൈസേഴ്‌സ് ഹൈദരാബാദിൽ കളിക്കുന്ന ബേസിൽ തമ്പി ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിലാണ് ആദ്യമായി പന്തെറിഞ്ഞത്. അതും അവസാന ഓവറുകളിൽ മാത്രം. എന്നാൽ എറിഞ്ഞ 11 പന്തിൽ നിന്ന് തന്നെ തന്റെ മികവ് തെളിയിക്കാൻ ഈ പെരുമ്പാവൂരുകാരന് സാധിച്ചുവെന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമായി.

മുംബൈ ഇന്ത്യൻസിനെതിരെ 15-ാം ഓവറിലാണ് ബേസിൽ തമ്പി പന്തെറിയാനെത്തിയത്. മുംബൈ ഇന്ത്യൻസിന് അപ്പോഴും ജയപ്രതീക്ഷയുണ്ടായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്ത മുംബൈ നിരയിൽ അപ്പോൾ കളിച്ചിരുന്നത് ഇന്നിങ്സ് ഓപ്പൺ ചെയ്ത സൂര്യകുമാർ യാദവും ദേശീയ ടീമിലെ കൂറ്റനടിക്കാരൻ ഹാർദിക് പാണ്ഡ്യയും. ഇരുവരും കളി ജയിപ്പിക്കാൻ സാധ്യതയുളളവർ.

കൂട്ടത്തിൽ സൺറൈസേഴ്‌സിന് ഏറ്റവും വെല്ലുവിളി ഉയർത്തിയിരുന്നത് പിച്ചിൽ താളം കണ്ടെത്തി ബാറ്റ് വീശിയിരുന്ന സൂര്യകുമാർ യാദവായിരുന്നു. 134.3 കിലോമീറ്റർ വേഗതയിൽ ലെഗ് സ്റ്റംപിന് പുറത്ത് ഷോർട്ട് ലെങ്തിൽ ബേസിൽ എറിഞ്ഞ പന്ത് ഡീപ് സ്ക്വയർ ലെഗിലേക്ക് ഉയർത്തിയടിച്ച സൂര്യകുമാർ യാദവിന് തെറ്റി. പന്ത് സുരക്ഷിതമായി റാഷിദ് ഖാന്റെ പിടിയിലായതോടെ ഈ ഐപിഎൽ സീസണിലെ ആദ്യ ഓവറിൽ തന്നെ ബേസിൽ ഹൈദരാബാദിന് നിർണായക വിക്കറ്റ് നേടിക്കൊടുത്തു.

പിന്നീട് 19-ാം ഓവറിലാണ് താരം ബോൾ ചെയ്യാനെത്തിയത്. ഈ സമയത്ത് സൺറൈസേഴ്സ് ജയം ഉറപ്പിച്ചിരുന്നു. പക്ഷെ ടി20 യിൽ എന്തും സംഭവിക്കാവുന്ന നില തന്നെയായിരുന്നു. ജസ്പ്രീത് ബുമ്രയും മുസ്‌താഫിസുർ റഹ്മാനുമായിരുന്നു ക്രീസിൽ. ഒരു വിക്കറ്റ് അകലെ ഹൈദരാബാദ് ജയം കാത്തിരുന്ന സമയം.

പന്തിന്റെ വേഗതയിൽ മാറ്റങ്ങൾ വരുത്തിയാണ് ബേസിൽ അഞ്ച് പന്തും എറിഞ്ഞത്. തുടർച്ചയായി ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തിലൂടെ മുസ്‌താഫിസുർ റഹ്‌മാനെ സമ്മർദ്ദത്തിലാക്കി. വേഗത കൂട്ടിയെറിഞ്ഞപ്പോൾ പന്ത് നേരിടാൻ ബുദ്ധിമുട്ടിയ റഹ്മാന് വേഗത കുറച്ച് ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് കൊടുക്കുകയായിരുന്നു തമ്പി. ബോളറുടെ കണക്കുകൂട്ടൽ പോലെ തന്നെ പന്ത് അടിച്ചകറ്റാൻ ശ്രമിച്ച മുസ്താഫിസുർ റഹ്മാൻ പകരക്കാരനായി ഫീൽഡ് ചെയ്യാനിറങ്ങിയ ദീപക് ഹൂഡയ്ക്ക് ക്യാച് നൽകി മടങ്ങി. ഇതോടെ ഹൈദരാബാദ് വിജയം ആഘോഷിക്കുകയും ചെയ്തു.

ഈ മൽസരത്തിലെ പ്രകടനത്തിലൂടെ ബേസിൽ തമ്പിക്ക് ഹൈദരാബാദ് കൂടുതൽ അവസരം നൽകിയേക്കുമെന്നാണ് പ്രതീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook