ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി വമ്പന്മാര്. ഇന്നലെ നടന്ന മത്സരത്തില്‍ ചെല്‍സി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ ഇന്ന് വെസ്റ്റ് ഹാമിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ തങ്ങളുടെ കരുത്ത് കാട്ടി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെയ്സെസ്റ്റര്‍ സിറ്റിയെയും ടോട്ടനം ന്യൂ കാസിലിനേയും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.
ഇന്നലത്തെ മത്സരത്തില്‍ ചെല്‍സിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത് എന്‍ഗോളോ കാന്റെയാണ്. മുപ്പത്തിനാലാം മിനുട്ടില്‍ കാന്റെയിലൂടെ അക്കൗണ്ട് തുറന്ന ചെല്‍സി നാല്പത്തിയഞ്ചാം മിനുട്ടില്‍ പുതിയ സൈനീങ് ജോര്‍ജിന്യോ നേടിയ പെനാല്‍റ്റി ഗോളിലൂടെ ഗോള്‍ നില ഇരട്ടിപ്പിച്ചു. രണ്ടാം പാതിയില്‍ സ്പാനിഷ് സ്ട്രൈക്കര്‍ പെഡ്രോയിലൂടെയായിരുന്നു ചെല്‍സിയുടെ അവസാന ഗോള്‍.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പോള്‍ പോഗ്ബയും ല്യൂക്ക് ഷായും നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെയ്സെസ്റ്റര്‍ സിറ്റിയെ തകര്‍ത്തിരുന്നു. ലെയ്സെസ്റ്ററിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് ജേമി വാര്‍ഡിയാണ്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ വെസ്റ്റ്ഹാമിനെ തകര്‍ത്തത് നാല് ഗോളുകള്‍ക്കാണ്. ക്ലോപ്പിന്റെ ‘ഹെവി മെറ്റല്‍ ഫുട്ബോളിങ്’ ശൈലിയുടെ സൗന്ദര്യം നിറഞ്ഞു നിന്ന ഒരു മത്സരമാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. പത്തൊമ്പതാം മിനുട്ടില്‍ കഴിഞ്ഞ സീസണിലെ ടോപ്സ്കോറര്‍ സലാഹ്യിലൂടെയാണ് ലിവര്‍പൂള്‍ ഗോളടി ആരംഭിക്കുന്നത്. നാല്പത്തിയഞ്ച് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തില്‍ സാദിയോ മാനെ സീസണിലെ തന്റെ ആദ്യ ഗോള്‍ കണ്ടെത്തി. രണ്ടാം പകുതി എട്ട് മിനുട്ട് പിന്നിടുമ്പോഴേക്ക് മാനെ തന്നെ രണ്ടാമതും വലകുലുക്കി.
എണ്‍പത്തിയേഴാം മിനുട്ടില്‍ സലാഹിന് പകരക്കാരനായെത്തിയ സ്റ്ററിഡ്ജ് ആണ് നാലാം ഗോള്‍ നേടിയത്. പൊസഷനും പന്തൊടുക്കത്തിനും പുറമേ അക്രമ ഫുട്ബോള്‍ പുറത്തെടുത്ത ലിവര്‍പൂള്‍ ഈ വര്‍ഷവും തങ്ങള്‍ കരുത്തര്‍ തന്നെയെന്ന് വിളിച്ചോതിക്കൊണ്ടാണ് മത്സരം അവസാനിപ്പിച്ചത്. ലിവര്‍പൂളിന്റെ പുതിയ സൈനിങ് ഷാഖിരിയും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്.
ഇന്ന് നടക്കുന്ന മറ്റൊരു ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സനലും കൊമ്പുകോര്‍ക്കും.