ചരിത്ര നേട്ടത്തിന് തൊട്ടരികില്‍ അടിതെറ്റി വീണ്, രക്ഷകനായി മെസി എന്ന മിശിഹായില്ലാതെ ഇറങ്ങിയ ബാഴ്‌സലോണ. ലാലീഗയില്‍ അജയ്യരായി കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടം ലക്ഷ്യമിട്ട് മുന്നേറുന്ന ബാഴ്‌സയ്ക്ക് ആദ്യ തോല്‍വി. 5-4 ന് ലാവന്റെയാണ് ബാഴ്‌സയുടെ മോഹങ്ങളുടെ ചിറകരിഞ്ഞത്.

ലോക കപ്പിന് മുന്നോടിയായി മെസിയ്ക്ക് വിശ്രമം നല്‍കിയതിനാല്‍ പടത്തലവനില്ലാതെയായിരുന്നു ബാഴ്‌സ ഇറങ്ങിയത്. വിജയം മനസില്‍ കണ്ടിറങ്ങിയ ബാഴ്‌സയുടെ പ്രതിരോധത്തെ നോക്കു കുത്തിയാക്കി മാറ്റുകയായിരുന്നു ലാവന്റെ. ഇമ്മാനുവല്‍ ബോട്ടങിന്റെ ഹാട്രിക്കിന്റേയും ഇനിസ് ബര്‍ദിയുടെ ഇരട്ട ഗോളിന്റേയും ബലത്തില്‍ ആദ്യ പകുതിയില്‍ 5-1 ന് മുന്നിട്ടു നിന്നാണ് ലാവന്റെ ബാഴ്‌സയെ ഞെട്ടിച്ചത്.

രണ്ടാം പകുതിയില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയ ഫിലിപ്പെ കൗട്ടീഞ്ഞോയും പെനാല്‍റ്റി ഗോളാക്കി സുവാരസും ബാഴ്‌സയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നെങ്കിലും വിജയം ബാഴ്‌സയില്‍ നിന്നും അകലം പാലിക്കുകയായിരുന്നു.

തരംതാഴ്ത്തലില്‍ നിന്നും രക്ഷപ്പെടാന്‍ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്ന ലാവന്റെയ്ക്ക് മുന്നില്‍ വിജയമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. അതുകൊണ്ടു തന്നെ എതിരെയുള്ളത് സാക്ഷാല്‍ ബാഴ്‌സയാണെന്ന് മറന്ന് ജീവന്‍ മരണ പോരാട്ടം നടത്തി. ഇതോടെ തുടര്‍ച്ചയായ 43 മൽസരങ്ങളില്‍ പരാജയം കാണാതെ കുതിച്ച ബാഴ്‌സയുടെ യാത്രയ്ക്ക് വിരാമമായി.

44 കളികളില്‍ 27 വിജയവും ഒമ്പത് സമനിലയും ഒരു തോല്‍വിയുമായി ബാഴ്‌സയുടെ സമ്പാദ്യം ഇതോടെ. ലാ ലീഗ കിരീടം ഉറപ്പിച്ച ബാഴ്‌സ അപരാജിതരായി സീസണ്‍ അവസാനിപ്പിക്കുക എന്ന അപൂര്‍വ്വ റെക്കോർഡ് നേട്ടം ലക്ഷ്യമിട്ടായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ ബോട്ടങ്ങിന്റേയും സംഘത്തിന്റേയും പോരാട്ട വീര്യത്തിന് മുന്നില്‍ എല്ലാം നിഷ്‌പ്രഭമായി പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook