സ്പെയിൻ: ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെയുള്ള എൽക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സയുടെ സൂപ്പർ താരം നെയ്മറിന് കളിക്കാൻ കഴിയില്ല. ലാലീഗയിലെ അവസാന മത്സരത്തിൽ മലാഗയ്ക്ക് എതിരെ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്നാണ് നെയ്മറിന് 3 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. നെയ്മറിന് എതിരായുള്ള വിലക്കിന് എതിരെ ക്ലബ് അധികൃതർ ലാലീഗ അധികൃതരെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. റഫറിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത നെയ്മറിന്റെ വിലക്ക് നീക്കാനാവില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.

മലാഗയ്ക്ക് എതിരെ 2-0 ന് തോറ്റ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട നെയ്മറിന് സ്വാഭാവികമായ 1 മത്സരത്തിലെ വിലക്കേ നേരിടേണ്ടിയിരുന്നുള്ളു. എന്നാൽ റഫറിയെ പരിഹസിക്കുന്ന രൂപത്തില്‍ പ്രതികരിച്ചതാണ് നെയ്മര്‍ക്കും ബാഴ്‌സലോണയ്ക്കും വിനയായത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച സ്പാനിഷ് ഫുട്ബാള്‍ അസോസിയേഷന്‍ ഒരു മത്സരത്തിലുള്ള സ്വാഭാവിക വിലക്ക് മൂന്നാക്കി ഉയര്‍ത്തുകയായിരുന്നു.

ഇതോടെ ഏപ്രിൽ 23ന് നടക്കുന്ന എൽക്ലാസിക്കോ പോരാട്ടത്തിൽ നെയ്മറില്ലെന്ന് ഉറപ്പായി. മെസിക്കും സുവാരസിനുമൊപ്പം ഇനി ആരെ കളിപ്പിക്കുമെന്ന ആശങ്കയിലാണ് പരിശീലകൻ ലൂയിസ് എൻറീക്വെ. നെയ്മറില്ലെങ്കിൽ യുവതാരം ഡെന്നിസ് സുവാരസായിരിക്കും മുന്നേറ്റ നിരയിൽ കളിക്കുക. ലാലിഗയില്‍ റയലിന് പിന്നില്‍ മൂന്ന് പോയന്റ് പിന്നിലുളള ബാഴ്‌സലോണയ്ക്ക് കിരീടം നിലനിര്‍ത്തണമെങ്കില്‍ എള്‍ ക്ലാസിക്കോയില്‍ സിദാന്‍പടയെ തകര്‍ക്കണം. റയലിന് 72 പോയന്റും ബാഴ്‌സലോണയ്ക്ക് 69 പോയന്റുമാണ് നിലവില്‍ ലാലിഗയില്‍ ഉളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ