ബ്രസീലിയൻ താരം നെയ്മർ ടീം വിട്ടതിന് ശേഷം പരുങ്ങലിലായ ബാഴ്സിലോണയ കരകയറ്റാൻ കൗമാര താരം ഉസ്മാൻ ഡെംബേല എത്തി. ബാഴ്സിലോണയുമായി 5 വർഷത്തെ കരാർ ഒപ്പിട്ട ഡെംബേലയെ ക്ലബ് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു. ബാഴ്സിലോണയുടെ ഹോം ഗ്രൗണ്ടായ ന്യൂകാംമ്പിൽ പതിനായിരങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് ഫ്രഞ്ച് താരം ഉസ്മാൻ ഡെംബേലയെ ക്ലബ് അവതരിപ്പിച്ചത്. നെയ്മർ ധരിച്ചിരുന്ന 11 നമ്പർ ജഴ്സിയാണ് ഡെംബേല ധരിക്കുന്നത്. ക്ലബ് പ്രസിഡൻഡ് ബാർമ്മറ്റേയുവാണ് ഡെംബേലയ്ക്ക് ബാഴ്സിലോണയുടെ ഔദ്യോഗിക ജഴ്സി സമ്മാനിച്ചത്.

ബാഴ്സിലോണയ്ക്കായി കളിക്കുക എന്നതായിരുന്നു തന്റെ വലിയ സ്വപ്നമെന്നും ഇതിഹാസ താരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുന്നത് വലിയ അംഗീകാരമാണെന്നും ഡെംബേലെ പ്രതികരിച്ചു. ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ട്രാൻസ്ഫർ തുകയ്ക്കാണ് 20 വയസ്സ്കാരനായ ഡെംബേലെ കാറ്റലോണിയിൽ എത്തുന്നത്. 105 മില്യൺ യൂറോയാണ് ഡെംബേലയ്ക്കായി ബാഴ്സിലോണ മുടക്കിയിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ആണ് ബൊറൂസ്യ ഡോട്ട്മുണ്ടില്‍ 20കാരനായ ഡെംബേല എത്തിയത്. 32 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും ഈ യുവതാരം നേടിയിരുന്നു. ഇതിനിടെ ഫ്രഞ്ച് ദേശീയ ടീമുലും അരങ്ങേറിയ ഈ യുവതാരം ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും നേടിയിരുന്നു.

അതേസമയം ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ടീമിൽ എത്തിക്കാനും ബാഴ്സിലോണ ശ്രമിക്കുന്നുണ്ട്. കുട്ടീഞ്ഞോയോമായിട്ടുള്ള അവസാന വട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സൂചന. ആഗസ്റ്റ് 31 ന് ട്രാൻസ്ഫർ വിൻഡോ പൂർത്തിയാകുന്നതിന് മുൻപ് ലിവർപൂൾ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നാണ് ബാഴ്സിലോണ അധികൃതരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ