മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലീ​ഗി​ൽ ഇന്നലെ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ സമനില. ആദ്യം പകുതിയിൽ 21ാം മിനുറ്റിൽ മുന്നിലെത്തിയ അത്‌ലറ്റികോ മാഡ്രിഡിനെതിരെ അവസാന മിനുട്ടിലാണ് ബാഴ്സ തളച്ചത്.

ആദ്യപകുതിയിൽ സാവുൾ നീഗെയാണ് അത്ലറ്റികോ മാഡ്രിഡിന് വേണ്ടി ഗോൾ നേടിയത്. ബോക്സിന് പുറത്ത് നിന്ന് നീഗെ തൊടുത്ത ഷോട്ട് ബാഴ്സയുടെ പ്രതിരോധ നിരയെ കാണികളാക്കി ഗോളിയെ മറികടന്ന് വല കുലുക്കുകയായിരുന്നു.

ബാഴ്സയുടെ മുന്നേറ്റങ്ങളെ അവസാന മിനുട്ട് വരെ ചെറുത്ത അത്ലറ്റികോ മാഡ്രിഡിന്റെ പ്രതിരോധ പടയ്ക്ക് പക്ഷെ 82ാം മിനുട്ടിൽ പിഴച്ചു. വലതുവിങ്ങിൽ നിന്നും ഗോൾ ബോക്സിലേക്ക് ഉയർന്നുവന്ന പന്തിനെ തല കൊണ്ട് ചെത്തി കൃത്യമായി വലയിലിട്ടത് സുവാരസായിരുന്നു.

മത്സരത്തിൽ ബാഴ്സയുടെ കാൽവശമായിരുന്നു പന്തെങ്കിലും മുന്നേറ്റത്തിലെ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാൻ സ്ട്രൈക്കർമാർക്ക് സാധിച്ചില്ല. മെസി തൊടുത്ത ഒരു ഫ്രീ കിക്ക് ക്രോസ് ബാറിൽ തട്ടിയകന്നത് നിർഭാഗ്യമായി.

സീസണിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുകയാണ് ബാഴ്സ. അതിനാൽ തന്നെ ഈ സമനിലയും ബാഴ്സയ്ക്ക് അനുകൂലമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ